റഫേല്‍ ഇടപാട് മോദി ഉറപ്പിച്ചത് പ്രതിരോധവകുപ്പിന്‍റെ ശക്തമായ എതിര്‍പ്പിനെ മറികടന്ന്

Jaihind Webdesk
Wednesday, December 19, 2018

Ajit-Doval-Modi-Rafale

റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടല്‍ പ്രതിരോധ വകുപ്പിന്‍റെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണെന്ന് വെളിപ്പെടുത്തല്‍. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്‌ ഡോവല്‍ ക്രമരഹിതമായി ഇടപെട്ടുവെന്നും കാരവാന്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് നിയമ മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും തമ്മില്‍ നടന്ന ചര്‍ച്ചകളും രേഖകളും പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥരുടെ കനത്ത എതിര്‍പ്പിനെ അവഗണിച്ചാണ് മോദി സര്‍ക്കാര്‍ കരാറില്‍ ഒപ്പിട്ടതെന്ന് വ്യക്തമാക്കുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഫ്രഞ്ച് പ്രതിനിധികളുമായിട്ടുള്ള മധ്യസ്ഥ ചര്‍ച്ചകളില്‍ ഇന്ത്യയുടെ മുഖ്യ അംഗമായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ആണ് കാരവാന്‍ മാഗസിന്‍ പുറത്തു വിട്ടത്.

അജിത് ഡോവലിനെ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നിയോഗിച്ചിട്ടില്ലെന്നും എന്നാല്‍ ഡോവല്‍ മധ്യസ്ഥ ചര്‍ച്ചകളില്‍ ഇടപെടുകയായിരുന്നുവെന്നും കാരവാന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് ഇതില്‍ പ്രതിനിധിയായി പങ്കെടുക്കാന്‍ നിയമപരമായി അനുമതിയില്ലെന്നിരിക്കെ ഡോവല്‍ പങ്കെടുക്കുകയും ഇക്കാര്യം കാര്യം സുപ്രീം കോടതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ മറച്ചു വെക്കുകയും ചെയ്തിരുന്നു. 2018 ഒക്ടോബര്‍ 18ന് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച മധ്യസ്ഥ ചര്‍ച്ച നടത്തിയവരുടെ പേര് സംബന്ധിച്ച സത്യവാങ്ങ്മൂലത്തില്‍ സര്‍ക്കാര്‍ ഡോവലിന്‍റെ പേര് പ്രതിപാദിച്ചിരുന്നില്ല.

രണ്ട് രാജ്യങ്ങള്‍ തമ്മില്‍ കരാറിലേര്‍പ്പെടുമ്പോള്‍ പാലിക്കേണ്ട അടിസ്ഥാന വ്യവസ്ഥകള്‍ പോലും പാലിച്ചില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. കരാര്‍ ലംഘനം നടന്നാല്‍ വിദേശ സര്‍ക്കാരിന് അതിന്‍റെ ബാധ്യത നല്‍കുന്നതും തര്‍ക്കങ്ങള്‍ എന്തെങ്കിലുമുണ്ടായാല്‍ അവ സര്‍ക്കാരുകള്‍ തമ്മില്‍ തീര്‍പ്പാക്കുന്നതുമൊന്നും കരാറില്‍ ഉള്‍പ്പെടുത്തിയില്ല

36 വിമാനങ്ങള്‍ വാങ്ങാനുള്ള 63000 കോടി രൂപയുടെ കരാറുമായി ഇന്ത്യ മുന്നോട്ട് പോയത് കരാര്‍ മുടങ്ങിയാല്‍ ഫ്രഞ്ച് സര്‍ക്കാരില്‍ നിന്നും, ദസോള്‍ട്ട് ഏവിയേഷനില്‍ നിന്നും പണം തിരിച്ച് ഈടാക്കാനുള്ള ജാമ്യവ്യവസ്ഥയോ സാമ്പത്തിക ഉറപ്പോ ഇല്ലാതെയാണ് കരാര്‍ ഒപ്പുവച്ചതെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ പ്രകാരം കരാര്‍ ലംഘിക്കപ്പെട്ടാല്‍ ഇന്ത്യക്ക് ഫ്രഞ്ച് സര്‍ക്കാരിനെതിരെ നിയമപരമായി പരാതിപ്പെടാന്‍ കഴിയില്ല മറിച്ച് കമ്പനികള്‍ക്കെതിരെ മാത്രമാണ് പരാതി നല്‍കാന്‍ കഴിയുക. കമ്പനികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുവാനുള്ള എല്ലാ നടപടികളും കൈക്കൊണ്ടതിനു ശേഷം മാത്രമാണ് ഫ്രഞ്ച് സര്‍ക്കാരില്‍ നിന്ന നഷ്ടപരിഹാരത്തിന് അവകാശവാദം ഉന്നയിക്കാന്‍ കഴിയുക

ജൂലായ് 14ന് വീണ്ടും കരാര്‍ നിയമമന്ത്രാലയത്തിന് മുന്നിലേക്ക് എത്തിയപ്പോള്‍ കരാറിലെ ഫ്രഞ്ച് സര്‍ക്കാരിന്റെ ബാധ്യതയെപ്പറ്റിയുള്ള നിയമമന്ത്രാലയം ആദ്യം നിര്‍ദേശിച്ച മാറ്റങ്ങള്‍ പരിഗണിച്ചുവെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചത്. ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത് ഫ്രഞ്ച് സര്‍ക്കാര്‍ അംഗീകരിച്ച തുല്യ പങ്കാളിത്ത വ്യവസ്ഥയില്‍ ബാധ്യത അംഗീകരിക്കാമെന്ന് പറഞ്ഞതാണ്. എന്നാല്‍ മറ്റ് നിര്‍ദേശങ്ങളൊന്നും തന്നെ പരിഗണിച്ചില്ലെന്നത് മറച്ചു വെച്ചു കൊണ്ടായിരുന്നു ഇത്.

കരാര്‍ രണ്ട് സര്‍ക്കാരുകള്‍ തമ്മിലുള്ളതിനാല്‍ ഇന്ത്യയുടെ താത്പര്യങ്ങള്‍ കൂടുതല്‍ പരിഗണിക്കപ്പെടുമെന്ന നിര്‍ദേശം ആദ്യം മുതല്‍ നിലവിലുണ്ടായിരിക്കെ തന്നെ ആ ആവശ്യവും കരാറില്‍ ചേര്‍ക്കപ്പെട്ടില്ല. ഇത് ചൂണ്ടിക്കാണിച്ച് നിയമമന്ത്രാലയം നോട്ട് നല്‍കിയിരുന്നുവെങ്കിലും അതിന് ബദലായി നിര്‍ദേശങ്ങളും ഉണ്ടായില്ല. തുടര്‍ന്ന് തീരുമാനം മോദി അധ്യക്ഷനായ ക്യാബിനറ്റ് കമ്മിറ്റിക്കു മുന്നാകെ സമര്‍പ്പിക്കപ്പെട്ടപ്പോള്‍ ഈ നിര്‍ദേശങ്ങള്‍ ഒന്നും തന്നെ വകവെയ്ക്കാതെ കരാര്‍ അംഗീകരിക്കുകയായിരുന്നു.