മോദിയുടെ റഫാല്‍ അഴിമതി: ഫ്രഞ്ച് രാഷ്ട്രീയത്തിലും വിവാദ കൊടുങ്കാറ്റാകുന്നു

Jaihind Webdesk
Saturday, November 24, 2018

വിവാദമായ റഫാൽ വിമാന ഇടപാടിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ഫ്രാൻസിലും പരാതി.  ഇടപാടിലെ നിബന്ധനകളും റിലയൻസിനെ ദസോൾട്ട് പങ്കാളിയാക്കിയതിന്‍റെ കാരണവും വിശദമാക്കണമെന്നാണ് പരാതിയിലെ ആവശ്യം. എൻ.ജി.ഒ ആയ ഷെർപ്പയാണ് ഫ്രാൻസിലെ ഫിനാൻഷ്യൽ പ്രോസിക്യൂട്ടർക്ക് പരാതി നൽകിയിരിക്കുന്നത്.

ഇടപാട് സാധ്യമാക്കാൻ സ്വാധീനം ചെലുത്തി, അതിരുകടന്ന ആനുകൂല്യങ്ങൾ അനുവദിച്ചു, ഇടപാടിലൂടെ കള്ളപ്പണം വെളുപ്പിച്ചു എന്നിവയാണ് പരാതിയിലെ പ്രധാന ആരോപണങ്ങൾ. സംഭവത്തിൽ ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ടിന്‍റെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്നു. ഒക്ടോബർ അവസാന വാരത്തിലാണ് പരാതി സമർപ്പിച്ചിരിക്കുന്നത്. ഇടപാടുമായി ബന്ധപ്പട്ട് ഉയർന്ന അരോപണങ്ങൾ ഗൗരവകരമായി വിഷയമാണെന്ന് ഷേർപ്പയുടെ സ്ഥാപകനായ വില്യം ബൗറോൺ അഭിപ്രായപ്പെട്ടു. ഇടപാടിലേക്ക് നീണ്ട തീരുമാനങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ എത്രയും വേഗം അന്വേഷണം ആരംഭിക്കണമെന്നും അദ്ദേഹം പരാതിയിൽ ആവശ്യപ്പെടുന്നു.

സാമ്പത്തിക കുറ്റകൃത്യങ്ങളിലെ ഇരകൾക്കുവേണ്ടി പ്രവർത്തിക്കുന്ന ഫ്രാൻസിലെ പ്രമുഖ എൻ.ജി.ഒയാണ് ഷെർപ്പ. ഫ്രഞ്ച് വിമാനനിർമാതാക്കളായ ദസോള്‍ട്ട് ഏവിയേഷനിൽനിന്ന് 36 റഫാൽ വിമാനങ്ങൾ വാങ്ങിയ ഇടപാടിലാണ് ഇന്ത്യയിലും ഫ്രാൻസിലും ഒരുപോലെ വിവാദങ്ങൾ ഉടലെടുത്തത്. നേരത്തെ 126 വിമാനങ്ങൾ വാങ്ങാൻ ഉദ്ദേശിച്ച ഇടപാടിലാണ് പിന്നീട് വിമാനങ്ങളുടെ എണ്ണം 36 ആയി ചുരുങ്ങിയത്. ഇതിനുപുറമേ ദസോൾട്ട് ഏവിയേഷന്‍റെ ഇന്ത്യയിലെ നിർമാണ പങ്കാളിയായി അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനെ തിരഞ്ഞെടുത്തതും വിവാദത്തിന് കാരണമായി. അഴിമതി ആരോപണം സി.ബി.ഐ അന്വേഷിക്കണമെന്ന കേസിൽ സുപ്രീം കോടതി വിധി പറയാനിരിക്കെയാണ് ഇപ്പോൾ ഇടപാട് സംബന്ധിച്ച് ഫ്രാൻസിൽ പരാതി സമർപ്പിച്ച റിപ്പോർട്ടുകൾ കൂടി പുറത്തുവരുന്നത്.

https://youtu.be/nvk2aaji-bU