റാഫേൽ : പുന:പരിശോധനാ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

Jaihind Webdesk
Friday, May 10, 2019

SC-Rafale

റാഫേൽ കേസുമായി ബന്ധപ്പെട്ട പുന:പരിശോധനാ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.റഫാല്‍ ഇടപാടില്‍ സി.എ.ജി റിപ്പോര്‍ട്ടുണ്ടെന്ന് വാദിച്ചത് പിശക് മാത്രമാണെന്നും ഇതിന്റെ പേരില്‍ പുനഃപരിശോധനയ്ക്ക് ഉത്തരവിടരുതെന്നുമാണ് കേന്ദ്രസര്‍ക്കാരിന്‍റെ വാദം.

ബി.ജെ.പി വിമതരും മുന്‍കേന്ദ്രമന്ത്രിമാരുമായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ സമര്‍പ്പിച്ച പുന:പരിശോധനാഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് പരിഗണിക്കുന്നത്. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതി ആരോപണം അന്വേഷിക്കേണ്ടതില്ല എന്ന വിധിയെയാണ് ഹര്‍ജിക്കാര്‍ ചോദ്യംചെയ്യുന്നത്. സി.എ.ജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വയ്ക്കുംമുന്‍പ് അതിന്‍റെ വിശദാംശങ്ങള്‍ കോടതിവിധിയില്‍ രേഖപ്പെടുത്തിയിരുന്നു. കോടതിയെ കേന്ദ്രസര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചെന്നും നടപടിയെടുക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ആ പിശക് മാത്രം ചൂണ്ടിക്കാട്ടി പുന:പരിശോധനയ്ക്ക് ഉത്തരവിടരുതെന്നാണ് കേന്ദ്രത്തിന്‍റെ വാദം. മാധ്യമവാര്‍ത്തകളും മോഷ്ടിച്ച രേഖകളും കണക്കിലെടുക്കരുതെന്നും കേന്ദ്രം ആവശ്യപ്പെടുന്നു. എന്നാല്‍, റഫാല്‍ രേഖകള്‍ക്ക് വിശേഷാധികാരമുണ്ടെന്നും പുന:പരിശോധനാഹര്‍ജികളില്‍ വാദം കേള്‍ക്കുമ്പോള്‍ പരിഗണിക്കരുതെന്നുമുളള കേന്ദ്രസര്‍ക്കാരിന്‍റെ വാദം കോടതി തളളിയിരുന്നു.