ആ ദൃശ്യങ്ങളില്‍ എഡിറ്റിങും കൂട്ടിച്ചേര്‍ക്കലുകളും: സംശയം ദൂരീകരിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ വേണമെന്ന് കളക്ടര്‍; എം.കെ. രാഘവനെതിരായ ഒളിക്യാമറ വീഡിയോ പാളുന്നു

Jaihind Webdesk
Friday, April 5, 2019

കോഴിക്കോട്: ഒളിക്യാമറാ ഓപറേഷന്‍ നടത്തി കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ. രാഘവനെതിരെ പുറത്തുവിട്ട ദൃശ്യങ്ങളില്‍ സംശയം പ്രകടിപ്പിച്ച് കളക്ടറുടെ റിപ്പോര്‍ട്ട്. രാഘവനെതിരായ വീഡിയോ ദൃശ്യങ്ങളില്‍ നിരവധി തവണ കൂട്ടിച്ചേര്‍ക്കലുകളും എഡിറ്റിംഗും നടന്നിട്ടുള്ളതായി സംശയിക്കുന്നുവെന്നാണ് കലക്ടര്‍ സാംബശിവ റാവു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്.

അതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ഒരു തീരുമാനത്തിലെത്താന്‍ സാധിക്കില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വീഡിയോയുടെ ആധികാരികത സംബന്ധിച്ച് നിഗമനത്തിലെത്താന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ കലക്ടര്‍ പറയുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് ഒരു ഹിന്ദി മാധ്യമം എം കെ രാഘവനെതിരായ ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്ത് വന്നത്. ഒരു വിദേശ കമ്പനിക്ക് കോഴിക്കോട് വസ്തു വാങ്ങാന്‍ സഹായിക്കണമെന്നും അതിന് പ്രത്യുപകാരമായി അഞ്ചു കോടി നല്‍കാമെന്ന് കമ്പനി പ്രതിനിധികള്‍ വാഗ്ദാനം ചെയ്യുന്നതുമായിരുന്നു വീഡിയോ.

എന്നാല്‍ വീഡിയോയില്‍ പറയുന്ന കഥകള്‍ തുടക്കം മുതല്‍ തന്നെ വിശ്വാസയോഗ്യമല്ലാത്തതായിരുന്നു. പണം മുടക്കാന്‍ തയ്യാറായ വിദേശ കമ്പനിക്ക് നഗരത്തില്‍ വസ്തു വാങ്ങാന്‍ എന്തിനാണ് അഞ്ച് കോടി നല്‍കി സ്ഥലം എം പിയുടെ സഹായം ആവശ്യമായി വരുന്നതെന്ന് സംശയം തുടക്കത്തില്‍ തന്നെ ഉയര്‍ന്നിരുന്നു.

കെട്ടുകഥയ്ക്ക് സമാനമായ കാര്യങ്ങളായിരുന്നു ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നത്. വസ്തു വാങ്ങാന്‍ എന്തിനാണ് എം പിയുടെ സഹായം എന്ന് വിശ്വാസയോഗ്യമായ വിശദീകരണമില്ല. ഇടപാട് നടന്നിട്ടില്ല. എം പി അല്ല വസ്തുവിന്റെ ബ്രോക്കര്‍ എന്നിരിക്കെ എന്തിനാണ് എംപിക്ക് ബ്രോക്കര്‍ കോഴ എന്നതും സംഭാഷണങ്ങളില്‍ വ്യക്തമല്ല. ഇതോടെ വീഡിയോയുടെ ആധികാരികത പരിശോധിക്കാനും വ്യാജ പ്രചരണത്തിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനും ഒരുങ്ങുകയാണ് എം കെ രാഘവനും യു ഡി എഫ് നേതൃത്വവും.