ജനം കോവിഡ് ഭീതിയിൽ; സംസ്ഥാന സർക്കാരിൽ ധൂർത്ത്, കേരള ഹൗസിലേക്കും നഗരകാര്യ ഡയറക്ടർക്കും പുതിയ കാറുകൾ വാങ്ങാൻ അനുമതി

Jaihind News Bureau
Monday, March 16, 2020

തിരുവനന്തപുരം: ജനം കോവിഡ് ഭീതിയിൽ കഴിയവേ സംസ്ഥാന സര്‍ക്കാരിന്‍റെ ധൂര്‍ത്തിന് ഒരു കുറവുമില്ല. സർക്കാർ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി തോമസ് ഐസക് ആവർത്തിക്കുമ്പോഴും ധൂർത്തിന് ഒരു നിയന്ത്രണവുമില്ല. ഏറ്റവും ഒടുവിൽ ഡൽഹി കേരള ഹൗസിലേക്കും നഗരകാര്യ ഡയറക്ടർക്കും പുതിയ കാറുകൾ വാങ്ങാൻ അനുമതി നൽകി. ഡൽഹി കേരള ഹൗസിലേക്ക് എട്ട് പുതിയ കാറുകൾ വാങ്ങാനാണ് പൊതുഭരണ വകുപ്പ് പൊളിറ്റിക്കൽ പ്രിൻസിപ്പിൽ സെക്രട്ടറി അനുമതി നൽകിയത്. ഇതിന്റെ ഉത്തരവും പുറപ്പെടുവിച്ചു. പകരം കേരള ഹൗസിലെ പഴയ 7 കാറുകൾ കേരളത്തിൽ അയക്കാന്‍ ഉത്തരവിൽ പറയുന്നു. ഈ കാറുകളുടെ രജിസ്ട്രേഷൻ നമ്പറും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ധനകാര്യ പ്രതിസന്ധി തുടരുമ്പോഴാണ് ലക്ഷങ്ങൾ മുടക്കി പുതിയ കാറുകൾ വാങ്ങുന്നത്. ക്യാമ്പിനറ്റ് റാങ്കോടെ ഡൽഹിയിലെ കേരള സർക്കാരിന്‍റെ പ്രതിനിധി മുൻ എം.പി എ സമ്പത്തിനും പുതിയ കാർ അനുവദിക്കും. ഡൽഹി കേരള ഹൗസിന്‍റെ തനത് ഫണ്ടിൽ നിന്നും വാഹനങ്ങൾ വാങ്ങാനാണ് നിർദേശം. എന്നാൽ സാമ്പത്തിക വർഷത്തിന്‍റെ അവസാനമായതിനാൽ ഫണ്ടിന്‍റെ അഭാവം പുതിയ കാറുകൾ വാങ്ങുന്നതിന് തടസമാകും. ഇത് മറികടക്കാൻ ധനകാര്യ വകുപ്പ് കൂടുതൽ ഫണ്ട് അനുവദിക്കും.

ഇക്കഴിഞ്ഞ ദിവസം നഗരകാര്യ ഡയറക്ടര്‍ക്കും നല്‍കി പുതിയ ഇന്നോവ ക്രിസ്റ്റ. ഈ മാസം മൂന്നിന് ധനവകുപ്പ് കാര്‍ വാങ്ങാന്‍ അനുമതി കൊടുക്കുകയും തുക അനുവദിക്കുകയും ചെയ്തു . ധനവകുപ്പിന്‍റെ അനുമതിയെ തുടര്‍ന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് 6-3 -2020 ന് 14.80 ലക്ഷം രൂപക്ക് ഇന്നോവ ക്രിസ്റ്റ വാങ്ങാന്‍ ഉത്തരവിറക്കി. പുതിയ കാര്‍ വാങ്ങില്ല എന്നായിരുന്നു മന്ത്രി ഐസക്കിന് ബജറ്റ് പ്രസംഗം. കാറുകള്‍ വകുപ്പുകള്‍ക്ക് വാടകക്ക് എടുക്കാം എന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ വാക്ക് ഇപ്പോൾ പാഴ്വാക്കായി.

 

teevandi enkile ennodu para