കേന്ദ്ര ഏജൻസികളുടെ രഹസ്യം ചോർത്താൻ പിണറായി സർക്കാർ ചാരപ്പണി നടത്തുന്നതായി സംശയിക്കുന്നുവെന്ന് പി.ടി.തോമസ്

Jaihind News Bureau
Wednesday, October 14, 2020

സ്വർണ്ണക്കള്ളക്കടത്ത് അടക്കമുള്ള വിവാദ കേസുകൾ അന്വേഷിക്കുന്ന കേന്ദ്ര ഏജൻസികളുടെ രഹസ്യം ചോർത്താൻ പിണറായി വിജയൻ സർക്കാർ സ്വകാര്യ സൈബർ വിദഗ്ധനെ ഉപയോഗിച്ച് ചാരപ്പണി നടത്തുന്നതായി സംശയിക്കുന്നുവെന്ന് പി.ടി.തോമസ് എംഎൽഎ. ഇതിനായി സർക്കാർ നിയമന ചട്ടങ്ങൾ ലംഘിച്ച് കോഴിക്കോട് സ്വദേശിയെ സംസ്ഥാന പോലീസ് മേധാവിയുടെ ചീഫ് ടെക്ക്നോളജിക്കൽ ഓഫീസറായി നിയമിച്ചുവെന്നും പി.ടി.തോമസ് പറഞ്ഞു.

കഴിവും യോഗ്യതയുമുള്ള നൂറ് കണക്കിന് സൈബർ വിദഗ്ദർ ഉള്ളപ്പോൾ മാനദണ്ഡങ്ങൾ എല്ലാം കാറ്റിൽ പറത്തി പരീക്ഷ പോലും നടക്കാതെ പോലീസ് സേനയ്ക്ക് പുറത്തുള്ള വ്യക്തിയെ കേരള പോലീസിന്‍റെ എല്ലാ തലങ്ങളിലും കടന്ന് കയറാൻ അവിഹിതമായി മുഖ്യമന്ത്രി ഇടപെട്ടാണ് നിയമനം നടത്തിയതെന്ന് പി.ടി.തോമസ് എംഎൽഎ ആരോപിച്ചു. പൊലീസുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങളുടെയും അവസാന വാക്ക് ക്ലാസ് വൺ ഓഫീസറായി നിയമിക്കപ്പെട്ട ഈ വ്യക്തിയുടേതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സോളാർ കേസ് രഹസ്യം കണ്ടെത്താൻ അന്ന് പിണറായി വിജയൻ ചുമതലപ്പെടുത്തിയ ചാരനാണ് നിയമനം കിട്ടിയ വ്യക്തിയെന്ന് പോലീസ് സേനയ്ക്കകത്ത് വിമർശനമുണ്ട്. സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നയുടെ ഫോൺ വിളികൾ, ടവർ ലൊക്കേഷൻ അടക്കമുള്ള പരിശോധനകൾക്ക് പലവട്ടം ഇയാൾ സഹായിച്ചെന്നും, സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഒരു കേന്ദ്ര ഏജൻസിയുടെ കൊച്ചിയിലെ ഓഫീസിൽ 2020 ജൂലായ് 22ന് ഇയാൾ സന്ദർശനം നടത്തി തെളിവുകൾ വിശകലനം നടത്തിയെന്നും ഇതേ കുറിച്ച് അന്വേഷണം നടത്തണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു. നിലവിൽ നടക്കുന്ന എല്ലാ പ്രമാദമായ കേസ് അന്വേഷണവും ഹൈകോടതിയുടെ മേൽ നോട്ടത്തിൽ ആവണമെന്നും അല്ലാത്ത പക്ഷം കേസുകൾ അട്ടിമറിക്കപ്പെടുമെന്നും പി.ടി തോമസ് അഭിപ്രായപ്പെട്ടു.