അന്ന് ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി ദേശവിരുദ്ധം; ഇന്ന് സ്വന്തം നേട്ടമാക്കി ഉയർത്തിക്കാട്ടി സിപിഎം

Jaihind News Bureau
Tuesday, January 5, 2021

ഗെയില്‍ വാതക പൈപ്പ് ലൈൻ പദ്ധതി പ്രധാനമന്ത്രി സംസ്ഥാനത്തിന് സമർപ്പിച്ചിരിക്കുകയാണ്. എന്നാൽ പദ്ധതിയുടെ 90 ശതമാനവും പൂർത്തിയാക്കിയത് യുഡിഎഫ് സർക്കാരായിരുന്നു. പക്ഷെ അന്ന്, വാതക പൈപ്പ് ലൈന്‍ പൊട്ടിത്തെറിക്കുമെന്ന് പ്രചരിപ്പിച്ച് നാടിനെ ഭയാശങ്കയിലാക്കി പ്രക്ഷോഭം നടത്തിയ സിപിഎം തങ്ങളുടെ നേട്ടമായി പദ്ധതി ഉയർത്തിക്കാട്ടുന്നു എന്നത് ശ്രദ്ധേയമാണ്.

പിണറായി സര്‍ക്കാർ ഭരണത്തിൻ കീഴിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു നേട്ടമായി ഉയര്‍ത്തിപ്പിടിക്കുന്ന പദ്ധതിയാണ് ഗെയിൽ പൈപ്പ്‌ലൈൻ പദ്ധതി. യുഡിഎഫ് സർക്കാർ 90 ശതമാനം പൂര്‍ത്തിയാക്കിയ ഗെയില്‍ പദ്ധതിയാണ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തിരിക്കുന്നത് . മുഖ്യമന്ത്രിയുടെയും സിപിഎം എം എൽ എ മാരുടെയും സൈബർ ഇടങ്ങളിലുമെല്ലാം ഈ നേട്ടമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. എന്നാല്‍ യുഡിഎഫ് ഭരണകാലത്ത് സിപിഎം ഇതിനെതിരേ നടത്തിയ വ്യാപകമായ പ്രചാരണവും പ്രക്ഷോഭവും അവര്‍ മറന്നിരിക്കുന്നു. ‘ഗെയില്‍ വാതക പൈപ്പ് ലൈനിനെതിരേ സിപിഎം പ്രക്ഷോഭത്തിലേക്ക്’ എന്ന തലക്കെട്ടോടെ ഇറങ്ങിയ നോട്ടീസില്‍ നാടിന്‍റെ പൂര്‍ണ രക്ഷയ്ക്കായി സിപിഎം പ്രതിരോധ സമരം തുടങ്ങുകയാണെന്നു പറയുന്നു.

2015 ജൂണ്‍ 16ന് ഇത് ഒന്നാംഘട്ട സമരമാണെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്. പദ്ധതിക്കെതിരെ കോഴിക്കോട് മലപ്പുറം ജില്ലാസംയുക്ത ആക്ഷൻ കമ്മറ്റി നടത്തിയ കുടിൽ കെട്ടി സമരത്തിന് സി.പി.എം പ്രവർത്തകരുടെ പിന്തുണയും ഉണ്ടായിരുന്നു. പാർട്ടിയുടെ വിലക്ക് ലംഘിച്ച് മുന്നൂറോളം പ്രവർത്തകർ ആണ് 2017 ഒക്ടോബറിൽ സമരപന്തലിൽ പാർട്ടി കൊടി നാട്ടിയത്.

ഭൂപരിഷ്ക്കരണ നിയമത്തിലൂടെ സാധാരണക്കാരന് അഞ്ച് സെന്‍റും പത്ത് സെന്‍റും നൽകിയ ഇ.എം.എസ് നമ്പൂതിരിപ്പാടിന്‍റെ പിൻമുറക്കാർ ഭരണത്തിലെത്തിയപ്പോൾ കോർപ്പറേറ്റുകളുടെ കുഴലൂത്തുകാരായി മാറിയെന്ന് പറഞ്ഞത് അന്ന് സമരം ഉത്ഘാടനം ചെയ്ത പ്രമുഖ സിപിഎം നേതാവ് ആയിരുന്നു. എന്നാൽ സിപിഎമ്മിന്റെയും ഒപ്പം ചേര്‍ന്ന ചില തീവ്രസംഘടനകളുടെയും ശക്തമായ എതിര്‍പ്പിനെ മറികടന്നും ഗെയില്‍ വാതക പൈപ്പ് ലൈനിന് ആവശ്യമായ സ്ഥലം ഉപയോഗിക്കാന്‍ 90 ശതമാനം പേരില്‍ നിന്നും യുഡിഎഫ് അനുമതി നേടിയിരുന്നു. 28 സ്റ്റേഷനുകള്‍ക്ക് സ്ഥലമെടുപ്പ് വേണ്ടിയിരുന്നതില്‍ 15 ഉം യുഡിഎഫ് പൂര്‍ത്തിയാക്കി. ഇത്തരത്തിൽ യുഡിഎഫ് പദ്ധതി ലക്ഷ്യത്തിലെത്തിക്കുമെന്നു വ്യക്തമായപ്പോഴാണ് സിപിഎം വ്യാജപ്രചാരണവും പ്രക്ഷോഭവുമായി രംഗത്തിറങ്ങിയത്.

നാഷണല്‍ ഗ്യാസ് നെറ്റ് വര്‍ക്കില്‍ കൊണ്ടുവരാന്‍ കൊച്ചിയില്‍ നിന്ന് മംഗലൂരുവിലേക്കും കോയമ്പത്തൂരിലേക്കുമുള്ള വാതക പൈപ്പ് ലൈന്‍ പദ്ധതി 2007ലാണ് ആരംഭിക്കുന്നത്. ഇത് പൂര്‍ത്തിയാകുമ്പോള്‍ വാതകരൂപത്തിലുള്ള ഗ്യാസ് ഉപഭോക്താക്കള്‍ക്ക് നേരിട്ട് എത്തിക്കാന്‍ സാധിക്കും. പദ്ധതിക്ക് എതിരെ ഏറ്റവും കൂടുതൽ സമരങ്ങൾ നടത്തിയവർ തന്നെയാണ് ഇപ്പോൾ ഇതിന്റെ ക്രെഡിറ്റും കൊണ്ട് പോകുന്നത് എന്നതാണ് ഏറ്റവും വലിയ കൗതുകം. എന്നാൽ ഗെയില്‍ പദ്ധതി വൈകിപ്പിച്ചതിന് മാപ്പുപറഞ്ഞിട്ടുവേണം ഇടതുപക്ഷം സ്വയം അഭിമാനിക്കാന്‍. ഇത്തരത്തിൽ കേരളത്തില്‍ ഉപേക്ഷിക്കപ്പെട്ടതും വൈകിയോടുന്നതുമായ പദ്ധതികളുടെ പിന്നില്‍ സിപിഎമ്മും ഇടതു മുന്നണി നേതൃത്വം നൽകുന്ന സർക്കാരും ആണു.