പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ആളുന്നു

Jaihind News Bureau
Saturday, December 21, 2019

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ആളുന്നു. ഡൽഹിയിൽ രാത്രി വൈകിയും പ്രതിഷേധം. ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ് അറസ്റ്റിൽ. ബിഹാറിൽ ആർ.ജെ.ഡി ഇന്ന് ബന്ദ് ആചരിക്കുകയാണ്. നിയമം ഭരണഘടനാ വിരുദ്ധമാണെന്നു ആരോപിച്ചാണ് ആർ.ജെ.ഡി ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ഇടത് പാർട്ടികൾ ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ നേതൃത്വത്തിലും ഇന്ന് വിവിധ ഇടങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. സംഘർഷത്തെ തുടർന്ന് കനത്ത ജാഗ്രതയിലാണ് ഉത്തർപ്രദേശ്. യു.പിയിലെ സർവകലാശാലകളും കോളേജുകളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ഇന്നലെ യു.പിയിൽ നടന്ന പ്രതിഷേധത്തിൽ 6 പേർ കൊല്ലപ്പെട്ടിരുന്നു. പ്രക്ഷോഭം കനക്കുന്ന സാഹചര്യത്തിൽ കൂടുതൽ സ്ഥലങ്ങളിൽ ഇന്റെർനെറ്റിന് നിയന്ത്രണം ഏർപ്പെടുത്തി.