സതീശൻ പാച്ചേനി നയിക്കുന്ന സഹനസമര പദയാത്ര ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു

Jaihind News Bureau
Wednesday, January 29, 2020

കണ്ണൂർ ഡിസിസി പ്രസിഡൻറ് സതീശൻ പാച്ചേനി നയിക്കുന്ന  സഹനസമര പദയാത്ര ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. മാഹി പാലത്തിൽ നിന്നാരംഭിച്ച് കോടിയേരി മാടപ്പീടികയിൽ സമാപിച്ച പദയാത്രയുടെ ആദ്യ ദിനത്തിൽ ആയിരക്കണക്കിനാളുകളാണ് പങ്കാളികളായത്.

പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെയുമാണ് ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ സഹനസമര പദയാത്ര ജില്ലയിൽ പര്യടനം നടത്തുന്നത്. സിപിഎം ശക്തികേന്ദ്രമായ  കൊടിയേരി ബ്ലോക്കിലാണ്  പദയാത്ര ആദ്യദിനം പര്യടനം നടത്തിയത്. ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകരും, പൊതുജനങ്ങളും അണിനിരന്ന പദയാത്ര ജില്ലയുടെ രാഷ്ട്രീയ ചരിത്രത്തിൽ മികവാർന്നതും ആവേശകരവുമായ പുതുചരിത്രമായി മാറി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാഹി പാലത്തിനു സമീപത്ത് വെച്ച് ത്രിവർണ്ണപതാക സതീശൻ പാച്ചേനിക്ക് കൈമാറി പദയാത്ര ഉദ്ഘാടനം ചെയ്തു. സേവാദൾ വളണ്ടിയർമാരുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചതിന് ശേഷമാണ് പദയാത്രപ്രയാണം തുടങ്ങിയത്.

മമ്മിമുക്ക്, പാത്തിക്കൽ, കവിയൂർ, ചൊക്ലി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം പെരിയാണ്ടി സ്കൂൾ, പന്ന്യന്നൂർ, അരയാക്കൂൽ, മനേക്കര, ഈങ്ങയിൽ പീടിക തുടങ്ങിയ സ്ഥലങ്ങളിലും പദയാത്രയ്ക്ക് സ്വീകരണം നൽകി. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വരെ ജാഥാ നായകൻ സതീശൻ പാച്ചേനി ആദരിച്ചു.

തുടർന്ന് ‘മാടപ്പീടികയിൽ ആദ്യ ദിനത്തിലെ പര്യടനം സമാപിച്ചു. മാടപ്പീടികയിൽ നടന്ന പൊതുയോഗം കെ.സുധാകരൻ എംപി ഉദ്ഘാടനം ചെയ്തു. പിണറായി വിജയൻ നാടിന്‍റെ മുഖ്യമന്ത്രിയല്ല. സിപിഎമ്മിന്‍റെ മുഖ്യമന്ത്രിയാണ്. പിണറായിൽ നിന്നും സിപിഎമ്മിൽ നിന്നും, മുസ്ലിം സമുദായം ഒരു നീതിയും പ്രതീക്ഷിക്കേണ്ടെന്നും സുധാകരൻ പറഞ്ഞു.

വിവിധ ഇടങ്ങളിൽ നടന്ന സ്വീകരണ പൊതുയോഗങ്ങളിൽ വിവിധ കെ പി സി സി, ഡി സി സി, പോഷക സംഘടനാ നേതാക്കൾ സംസാരിച്ചു.