പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ നിലപാടുമായി കത്തോലിക്ക സഭ

Jaihind News Bureau
Saturday, January 25, 2020

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ നിലപാടുമായി കത്തോലിക്ക സഭ. പൗരത്വ രജിസ്റ്റർ ആശങ്ക ഉണ്ടാക്കുന്നു. നിയമം ഭരണഘടനാ വിരുദ്ധമെന്നും, മതരാഷ്ട്രത്തിനുള്ള തയ്യാറെടുപ്പെന്നും സഭ. ഇതു സംബന്ധിച്ച ഇടയലേഖനം നാളെ പള്ളികളിൽ വായിക്കും.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം നടക്കുമ്പോൾ നിലപാട് വ്യക്തമാക്കുകയാണ് കത്തോലിക്ക സഭ. കെ ആർ എൽ സി സി സമ്മേളനവും മെത്രാൻ സമിതി യോഗവും ചേർന്നതിനു ശേഷമാണ് സഭ ശക്തമായ നിലപാടെടുത്തിരിക്കുന്നത്. ഇതു സംബന്ധിച്ച സർക്കുലർ നാളെ പള്ളികളിൽ വായിക്കും. ജനങ്ങളെ വിഭജിക്കുന്നത് ഏറ്റവും വലിയ കുറ്റമാണ് , ഇന്ന് അത് രാജ്യത്ത് വലിയ തോതിൽ നടക്കുന്നു. പൗരത്വ ഭേദഗതി നിയമം ജനാധിപത്യ സങ്കൽപത്തിന് വിരുദ്ധവും ഭരണഘടനയ്ക്ക് എതിരുമാണ്. ഈ നിയമം മുസ്ലീം സമുദായത്തെ മാത്രമല്ല സർവ്വരുടെയും പ്രശ്‌നമാണെന്ന് സഭ ചൂണ്ടിക്കാട്ടുന്നു.

ഇതിനെതിരെ ഒരുമിച്ചുള്ള പ്രതിഷേധങ്ങളാണ് വേണ്ടതെന്നും മതേതര ഇന്ത്യയാണ് ആവശ്യമെന്നും ഇടയലേഖനത്തിൽ പറയുന്നു. ഭാരത് മാതാ കി ജയ് എന്നത് എല്ലാവരുടെയും മുദ്രാവാക്യമാണ്. മൗലിക അവകാശങ്ങൾക്കെതിരായ പൗരത്വ ഭേദഗതി നിയമം പിൻവലിക്കാൻ കേന്ദ്ര സർക്കാർ
തയ്യാറാകണമെന്നും പറയുന്നു. അതേസമയം പൗരത്വ രജിസ്റ്റർ ജനങ്ങളിൽ ആശങ്ക ഉളവാക്കുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കലാലയങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങളെ ക്രൂരമായി അടിച്ചമർത്തുന്ന കേന്ദ്രസർക്കാർ നയങ്ങളെയും സഭ രൂക്ഷമായി വിമർശിക്കുന്നു. ഇതാദ്യമായാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷ ഭാഷയിൽ സഭ വിമർശിക്കുന്നത്. ഭരണഘടന ദിനമായ നാളെ ദിവ്യബലി മധ്യേ ഇടയലേഖനം വായിക്കാനാണ് കേരള ലത്തീൻ കത്തോലിക്ക മെത്രാൻ സമിതി ആഹ്വാനം ചെയ്തിരിക്കുന്നത്. കേന്ദ്രസർക്കാർ കൊണ്ടു വന്ന നിയമത്തിനെതിരെ രാജ്യ വാപക പ്രതിഷേധം ശക്തമാകുന്നുവെന്ന കാര്യം അടിവരയിടുകയാണ് സഭയുടെ ഈ പ്രതികരണത്തിലൂടെ.