വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നു ; മിഠായി തെരുവില്‍ പ്രതിഷേധം

Jaihind Webdesk
Monday, July 19, 2021

കോഴിക്കോട് : മിഠായി തെരുവില്‍ വഴിയോര കച്ചവടക്കാരെ പൊലീസ് ഒഴിപ്പിച്ചു. വഴിയോര കച്ചവടം നിരോധിച്ച് കമ്മീഷണർ പുറത്തിറക്കിയ ഉത്തരവ് മറികടന്ന് കച്ചവടക്കാര്‍ വിൽപ്പന നടത്തിയതിനു പിന്നാലെയാണ് പൊലീസ് നടപടി. ഇതിനെതിരെ കച്ചവടക്കാർ തെരുവില്‍ പ്രതിഷേധിച്ചു.

സര്‍ക്കാര്‍ ഉത്തരവു പ്രകാരം വഴിയോരക്കച്ചവടത്തിന് അനുമതിയില്ല. സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് അനുമതിയെന്നാണ് പൊലീസ് നിലപാട്. മിഠായിത്തെരുവില്‍ ഇന്നു മുതൽ വഴിയോര കച്ചവടം അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം കമ്മീഷണർ എ.വി ജോർജ് ഉത്തരവിറക്കിയിരുന്നു.

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവു പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കടകൾ അടച്ചുപൂട്ടുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. കടകൾക്കു പുറത്ത് ആളുകൾക്ക് സാമൂഹിക അകലം പാലിച്ചു നിൽക്കാനായി അടയാളം രേഖപ്പെടുത്തണമെന്നും കുട്ടികളെയും മുതിർന്ന ആളുകളെയും കൊണ്ടുവരുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും കഴിഞ്ഞ ദിവസം കമ്മീഷണര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.