കോതമംഗലം പള്ളിയില്‍ സംഘര്‍ഷം; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കുന്നു

Jaihind Webdesk
Thursday, December 20, 2018

ഓര്‍ത്തഡോക്സ് റമ്പാന്‍ പ്രാര്‍ഥനയ്ക്ക് എത്തിയതിനെത്തുടര്‍ന്ന് കോതമംഗലം മാര്‍ത്തോമാ ചെറിയ പള്ളിയില്‍ സംഘര്‍ഷം. പ്രാര്‍ഥനയ്ക്ക് എത്തിയ ഓര്‍ത്തഡോക്സ് റമ്പാന്‍ തോമസ് പോളിനെ യാക്കോബായ വിഭാഗക്കാര്‍ തടഞ്ഞു. വന്‍ പൊലീസ് സംഘം പള്ളി പരിസരത്ത് എത്തിയിയിരുന്നെങ്കിലും ബലപ്രയോഗമുണ്ടായില്ല. പ്രതിഷേധം കനത്തതോടെ റമ്പാനെ പൊലീസ് സ്ഥലത്തുനിന്നു മാറ്റി.

ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുള്ള പള്ളിയില്‍ കോടതി വിധിയെത്തുടര്‍ന്നാണ് ഓര്‍ത്തഡോക്സ് വിഭാഗം പ്രാര്‍ഥനയ്ക്ക് എത്തിയത്. യാക്കോബായ വിഭാഗത്തിലെ സ്ത്രീകള്‍ അടക്കമുള്ള വന്‍ സംഘം റമ്പാനെ തടയുകയായിരുന്നു. പള്ളിക്കു മുന്നില്‍ നിലത്ത് വീണുകിടന്ന് ഇവര്‍ പ്രതിരോധം തീര്‍ത്തു. റമ്പാന്‍ ഗോ ബാക്ക് എന്നു വിളിച്ചുകൊണ്ടായിരുന്നു പ്രതിരോധം. കനത്ത പൊലീസ് സംരക്ഷണയിലായിരുന്നു വൈദികനെത്തിയത്. സ്ത്രീകളടക്കം നൂറുകണക്കിന് വിശ്വാസികളാണ് പള്ളിയില്‍ തമ്പടിച്ചിരിക്കുന്നത്.  ചെറിയ പള്ളിയില്‍ ഓർത്തഡോക്സ് വിഭാഗത്തിന് വിശ്വാസാചാരങ്ങൾ നടത്തുന്നതിന് കോടതി അനുമതി നല്‍കിയിരുന്നു.