നിയമങ്ങളെല്ലാം കാറ്റില്‍പറത്തി കരിങ്കല്‍ ക്വാറി; പ്രതിഷേധവുമായി നാട്ടുകാര്‍

Jaihind News Bureau
Friday, November 22, 2019

കണ്ണൂര്‍ നടുവില്‍ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ നിയമങ്ങളെല്ലാം കാറ്റില്‍പറത്തി കരിങ്കല്‍ ക്വാറി പ്രവർത്തിക്കുന്നു. ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ പഠനത്തില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയുളള പ്രദേശമായി കണ്ടെത്തിയ ഇവിടെ റെഡ് സോണിലാണ് ക്വാറിക്ക് അനുമതി നല്‍കിയത്. തളിപ്പറമ്പ് എംഎൽഎ ജയിംസ് മാത്യുവിന്‍റെ മരുമകൻ ഉൾപ്പടെയുള്ളവരുടെ ഉടമസ്ഥതയിലാണ് ക്വാറി.

പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ വൈതല്‍മലയുടെ അടിവാരത്ത് നരയംകല്ല് തട്ടിലാണ് പാത്തന്‍പാറ സ്റ്റോണ്‍ക്രഷര്‍ എന്ന ഈ ക്വാറി പ്രവര്‍ത്തിക്കുന്നത്.  നിയമങ്ങൾ ലംഘിച്ച് കൊണ്ടാണ് ക്വാറിയുടെ പ്രവർത്തനമെന്നാണ് നാട്ടുകാരുടെ ആക്ഷേപം.  സി പിഎം എംഎൽഎയായ ജയിംസ് മാത്യുവിന്‍റെ മരുമകൻ ഉൾപ്പടെയുള്ളവരാണ് ക്വാറിയുടെ ഉടമസ്ഥർ.  ഭരണസ്വാധീനം ഉപയോഗിച്ചാണ് ക്വാറിക്ക് അനുമതി നേടി എടുത്തതെന്ന ആക്ഷേപമാണ് ഉയരുന്നത്.

ക്വാറിയുടെ അഞ്ച് കിലോമീറ്റര്‍ചുറ്റളവിലായി പതിനൊന്നിടത്താണ് കഴിഞ്ഞ  പ്രളയകാലത്ത് ഉരുല്‍പൊട്ടല്‍ ഉണ്ടായത്.ഇത്തരം പ്രദേശങ്ങളില്‍ ക്വാറി തുടങ്ങുന്നതിന് മുന്‍പ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന നിയമവും ഇവിടെ പാലിക്കപ്പെട്ടില്ല.

നീര്‍ച്ചാലുകളില്‍നിന്ന് നൂറ് മീറ്റര്‍അകലെ മാത്രമെ ക്വാറി പ്രവര്‍ത്തിക്കാന്‍പാടുളളൂ എന്നാണ് നിയമം.  എന്നാല്‍ പത്തോളം നീര്‍ച്ചാലുകളുളള പ്രദേശത്താണ് ഈ ക്വാറിയുടെ പ്രവര്‍ത്തനം.  ഇതോടെ പ്രദേശവാസികളുടെ കുടിവെളളം പോലും മലിനമായി.  കുടിവെള്ളത്തിൽ വെടിമരുന്നിന്‍റെ അംശവും, ക്വാറി മാലിന്യവും കലർന്ന അവസ്ഥയാണ്.

ക്വാറിയുടെ പ്രവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ട്  നാട്ടുകാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.