സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ് നിർണയത്തിനെതിരേ സ്വകാര്യ മാനേജ്മെന്‍റുകൾ സുപ്രീം കോടതിയിൽ

Jaihind Webdesk
Monday, July 8, 2019

Supreme-Court-of-India

സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ് നിർണയത്തിനെതിരേ സ്വകാര്യ മാനേജ്മെന്‍റുകൾ സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തു. മെഡിക്കൽ ഫീസിന്‍റെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതു വരെ കൗൺസലിങ് തുടങ്ങരുതെന്നാണ് ഹർജിയിലെ ആവശ്യം.

ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് മാനേജ്മെന്‍റുകൾ ഇന്നു സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടേക്കും. കേരള പ്രൈവറ്റ് മെഡിക്കൽ കോളജ് മാനേജ്മെന്‍റ് അസോസിയേഷനാണു ഹർജി നൽകിയത്. ഫീസ് നിർണയ സമിതിയുടെ തീരുമാനത്തിനെതിരേ ഹൈക്കോടതിയിലുള്ള അപ്പീലിൽ തീർപ്പായാൽ മാത്രമേ ഫീസ് പ്രശ്നത്തിൽ അന്തിമ തീരുമാനമാവുകയുള്ളൂ എന്ന് മാനേജ്മെന്റുകൾ ഹർജിയിൽ ചൂണ്ടിക്കാട്ടി.

അതുവരെ കാത്തിരിക്കാൻ കഴിയില്ലെങ്കിൽ കഴിഞ്ഞ വർഷം സുപ്രീം കോടതി നിശ്ചയിച്ച ഫീസിൽ പ്രവേശനം നടത്താൻ അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ സമിതിയാണ് സ്വകാര്യ മെഡിക്കൽ കോളജുകളിലെ ഫീസ് നിർണയിച്ച് കഴിഞ്ഞ ദിവസം ഉത്തരവ് ഇറക്കിയത്.  മുൻവർഷത്തേക്കാൾ അരലക്ഷം രൂപ വീതം എല്ലാ കോളജുകളിലും ഫീസ് വർധിപ്പിച്ചിട്ടുണ്ട്.

എന്നാൽ, ഫീസ് നിർണയ സമിതിയുടെ ഉത്തരവ് ചോദ്യംചെയ്ത് ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ അവകാശം ഉണ്ടെന്നും അപ്പീലിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതു വരെ ഫീസ് നിർണയം സംബന്ധിച്ച അന്തിമ തീരുമാനമാവുകയില്ലെന്നുമാണ് സ്വകാര്യ മാനേജ്മെന്‍റുകളുടെ നിലപാട്. ഫീസ് നിർണയ സമിതിയുടെ തീരുമാനത്തിനെതിരേ ക്രിസ്ത്യൻ മാനേജ്മെന്റുകളും ഈയാഴ്ച സുപ്രീം കോടതിയെ സമീപിക്കും.