സ്വപ്ന സുരേഷിന് ആൻജിയോഗ്രാം പരിശോധന, റമീസിന് എൻഡോസ്കോപ്പി; ജയിൽ വകുപ്പിനെ സമ്മർദ്ദത്തിലാക്കി പ്രതികളുടെ ആശുപത്രിവാസ വിവാദങ്ങള്‍

Jaihind News Bureau
Tuesday, September 15, 2020

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ഇന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ആൻജിയോഗ്രാം പരിശോധന നടത്തും. കേസിലെ മറ്റൊരു പ്രതി കെ.ടി.റമീസിനെ എൻഡോസ്കോപ്പി പരിശോധനക്കും വിധേയനാക്കും. അതേസമയം, പ്രതികളുടെ ആശുപത്രിവാസവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ ജയിൽ വകുപ്പിനെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.

നെഞ്ചുവേദനയെ തുടർന്ന് ഈ മാസം ഏഴിനാണ് സ്വപ്ന സുരേഷിനെ ആദ്യം തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്. 6 ദിവസം അവിടെ ചികിത്സയിൽ കഴിഞ്ഞു. ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന ഡോക്ടർമാരുടെ റിപ്പോർട്ടിനെ തുടർന്നാണ് ഡിസ്ചാർജ് ചെയ്തത്. എന്നാൽ ഞായറാഴ്ച വീണ്ടും നെഞ്ചു വേദന അനുഭവപ്പെടുന്നു എന്ന് പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ രണ്ടാമതും മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഇതിനിടെ വയറു വേദനയെ തുടർന്ന് കെ.ടി. റമീസിനെയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അതിന് ശേഷം മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ഇരുവരുടെയും ആരോഗ്യ സ്ഥിതി വിലയിരുത്തി. കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നാണ് മെഡിക്കൽ ബോർഡിന്‍റെ പ്രാഥമിക വിലയിരുത്തൽ. എങ്കിലും വിശദമായ പരിശോധനയുടെ ഭാഗമായി സ്വപ്നക്ക് ആൻജിയോഗ്രാം പരിശോധനയും റമീസിന് എൻഡോസ്കോപിയും നിർദേശിക്കുകയായിരുന്നു. അതേസമയം ഇരുവരുടെയും ആശുപത്രിവാസം സംബന്ധിച്ച വിവാദങ്ങളും ചൂടുപിടിക്കുകയാണ്. ഗൂഡാലോചന ആരോപിക്കുന്ന പ്രതിപക്ഷം മന്ത്രി എ.സി. മൊയ്തീനെയും സംശയ മുനയിൽ നിർത്തുന്നു. ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ സ്വപ്ന ഒരു നഴ്സിന്‍റെ ഫോണിൽ നിന്ന് ആരെയോ വിളിച്ചു എന്ന പരാതിയിലുള്ള അന്വേഷണവും നടന്നു വരികയാണ്.