തിരുവനന്തപുരം: പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പങ്കെടുത്ത കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടന ചടങ്ങിലുണ്ടായ കൂവലിലും ശരണംവിളിയും അതൃപ്തി പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷപ്രസംഗം നടത്തുന്നവേളയിലാണ് സദസ്സില്‍ നിന്ന് കൂവലും ശരണം വിളിയും ഉണ്ടായത്. ഇതിലുള്ള നീരസം മുഖ്യമന്ത്രി സദസ്സിനോട് ശകാരരൂപേണേ അറിയിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ അച്ചടക്കം പാലിക്കേണ്ട മര്യാദ ബി.ജെ.പി അനുഭാവികളായ സദസ്സിലുള്ളവര്‍ കാണിച്ചില്ലെന്ന വിമര്‍ശനമാണ് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നുപോലും ഉയരുന്നത്. താന്‍ കൂടി പങ്കെടുത്ത പരിപാടിയില്‍ ഇത്തരത്തിലുള്ള സംഭവമുണ്ടായതില്‍ ശക്തമായ നീരസമാണ് പ്രധാനമന്ത്രി ബിജെപി സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്.
ബൈപ്പാസ് ഉദ്ഘാടനത്തിനു ശേഷം പദ്മനാഭസ്വാമി ക്ഷേത്ര ദര്‍ശനത്തിനെത്തിയപ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം സംസ്ഥാന നേതാക്കളോട് ചോദിച്ചത്. സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയോടാണ് ഇക്കാര്യം തിരക്കിയത്. എംപിമാരായ വി.മുരളീധരന്‍, സുരേഷ്‌ഗോപി എന്നിവരും സമീപത്തുണ്ടായിരുന്നു. ബഹളംവച്ചത് ബിജെപി പ്രവര്‍ത്തകരല്ലെന്നും മറ്റാരോ ആണെന്നുമാണ് ശ്രീധരന്‍പിള്ള പ്രധാനമന്ത്രിയെ അറിയിച്ചത്. താന്‍ പങ്കെടുത്ത പരിപാടിയില്‍ ഇത്തരത്തിലുള്ള അപസ്വരം ഉയര്‍ന്നതില്‍ ശക്തമായ ഭാഷയിലാണ് പ്രധാനമന്ത്രി പ്രതികരിച്ചതെന്നാണ് ബിജെ.പി വൃത്തങ്ങള്‍ തന്നെ സ്ഥിരീകരിച്ചു. ദേശീയ മാധ്യമങ്ങളുടെ വലിയ സംഘം തന്നെ പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ കൊല്ലത്തുണ്ടായിരുന്നു. രാജ്യം മുഴുവന്‍ ശ്രദ്ധിക്കുന്ന പരിപാടിയില്‍ ബഹളം ഉയര്‍ന്നത് ബിജെപി കേന്ദ്ര നേതൃത്വത്തിനും അമര്‍ഷമുണ്ട്. എന്താണ് സംഭവിച്ചതെന്ന് കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തോട് വിശദീകരണം ആവശ്യപ്പെട്ടേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.
ബൈപ്പാസ് ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി സംസാരിക്കാന്‍ എഴുന്നേറ്റപ്പോഴാണ് സദസില്‍ നിന്ന് ശരണംവിളിയും കൂവലും ഉയര്‍ന്നത്. ബഹളം ശക്തമായതോടെ മുഖ്യമന്ത്രി ശക്തമായ ഭാഷയില്‍ ഇതിനെതിരെ പ്രതികരിച്ചു. അനാവശ്യമായി ശബ്ദമുണ്ടാക്കാനായി കൂറേപ്പേര്‍ വന്നിട്ടുണ്ട്. മിണ്ടാതിരിക്കുന്നതാണ് നല്ലത്. ഒരു യോഗത്തിന് അതിന്റേതായ അച്ചടക്കമുണ്ട്. എന്തു കാണിക്കാനുള്ള വേദിയാണ് യോഗമെന്ന് കരുതതരുതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
മുഖ്യമന്ത്രിയുടെ ശകാരം പ്രധാനമന്ത്രി കേട്ടെങ്കിലും വേദിയിലുണ്ടായിരുന്ന അരും ഇതേക്കുറിച്ച് വിശദീകരിക്കാനും തയാറായില്ല. മുഖ്യമന്ത്രിയുടെ ശകാരം സോഷ്യല്‍ മീഡിയില്‍ വലിയ രീതിയില്‍ വൈറലായ സാഹചര്യത്തില്‍ കൂടിയാണ് ബഹളത്തിനെതിരെ പ്രധാനമന്ത്രി തന്നെ നീരസം പ്രകടിപ്പിച്ചെന്ന വാര്‍ത്തയും പുറത്തുവരുന്നത്.
പ്രധാനമന്ത്രി പങ്കെടുത്ത വേദിയില്‍ ഇത്തരത്തിലുള്ള ഒരു പ്രതിഷേധം ഉയരുമെന്ന് ബിജെപി നേതൃത്വവും ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ ജാഗ്രതകുറവുണ്ടായെന്ന വിമര്‍ശനം പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്. വി.മുരളീധരന്‍ അടക്കമുള്ളവര്‍ പാര്‍ട്ടി നേതൃത്വത്തെ ഇതിനകം അപ്രീതി അറിയിക്കുകയും ചെയ്തു.