യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസ് : മുഖ്യ പ്രതികളെ തെളിവെടുപ്പിനായി ഇന്ന് എത്തിക്കും

Jaihind News Bureau
Friday, July 19, 2019

യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിലെ മുഖ്യ പ്രതികളെ തെളിവെടുപ്പിനായി ഇന്ന് കോളേജിലെത്തിക്കും. അഖിലിനെ കുത്താനുപയോഗിച്ച കത്തി കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്‍റെ പ്രധാന ലക്ഷ്യം. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടും തെളിവെടുപ്പ് നടത്താത്തത് പ്രതികളെ സംരക്ഷിക്കാനാണെന്ന ആക്ഷേപവും ശക്തമാണ്.

യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിൽ കസ്റ്റഡിയിലുള്ള മുഖ്യ പ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും അന്വേഷണ സംഘം ഇന്ന് കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കസ്റ്റഡി കാലാവധി ഇന്നവസാനിക്കുന്നതിനാൽ, ഉച്ചക്ക് പ്രതികളെ കോടതിയിൽ ഹാജരാക്കണം. അതിനാൽ രാവിലെ തന്നെ തെളിവെടുപ്പ് നടത്താനാണ് സാധ്യത. സംഭവം നടന്ന് ഒരാഴ്ചയോളമായിട്ടും അഖിലിനെ കുത്താനുപയോഗിച്ച കത്തി ഇതുവരെ കണ്ടെത്താൻ കഴിയാത്തതും. പ്രതികളെ രക്ഷിക്കാൻ പോലീസിനു മേലുള്ള പാർട്ടി സമ്മർദ്ദമാണ് വ്യക്തമാക്കുന്നത്.

അതേ സമയം അന്വേഷണവുമായി ശിവരഞ്ജിത്തും നസീമും സഹകരിക്കുന്നില്ലെന്നും സൂചനയുണ്ട്. നസീമിന്‍റെയും ശിവരഞ്ജത്തിന്‍റെയും കയ്യിൽ കത്തികളുണ്ടായിരുന്നെന്നാണ് അഖിലിന്‍റെ സുഹൃത്തുക്കൾ നൽകിയ മൊഴി. ഈ സാഹചര്യത്തിൽ കുത്താനുപയോഗിച്ച കത്തിക്കു പുറമേ നസീമിന്‍റെ കൈയ്യിലുണ്ടായിരുന്നു കത്തിയും കണ്ടെത്തേണ്ടതുണ്ട്. രണ്ടു ദിവസം ഇവരെ കസ്റ്റഡിയിൽ ലഭിച്ചിട്ടും. പ്രതികൾ പോയ സ്റ്റുഡൻസ് സെന്‍ററിലോ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലോ പരിശോധന നടത്താൻ പോലീസ് തയ്യാറാകാത്തും പ്രതികളെ പരോക്ഷമായി സഹായിക്കാനാണെന്ന ആക്ഷേപം ഇതിനോടകം ശക്തമാണ്. സർവ്വകലാശാല ഉത്തരക്കടലാസുകളും വ്യാജ സീലും കണ്ടെത്തിയ പ്രതിയുടെ വീട്ടിൽ ഇതുവരെ തെളിവെടുപ്പു നടത്താത്തതും സംശയകരമാണ്. കോളേജിനു പുറത്തു നിന്നുള്ള എസ് എഫ് ഐ നേതാക്കൾ വിഷയത്തിൽ ഇടപെട്ടു എന്ന് വിദ്യാർത്ഥികൾ തന്നെ സാക്ഷിപ്പെടുത്തിയിട്ടും ഈ നേതാക്കളെ പ്രതിചേർക്കാനോ ചോദ്യം ചെയ്യാനോ പോലീസ് തയ്യാറായിട്ടില്ല. അതേ സമയം വിഷയത്തിൽ പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ നഗരത്തിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.