കേരളത്തിലെ മാധ്യമ സ്വാതന്ത്ര്യത്തെ പിണറായി സം’പൂജ്യ’മാക്കി: രൂക്ഷ വിമർശനവുമായി കെ സുധാകരന്‍ എംപി

Jaihind Webdesk
Sunday, June 11, 2023

 

തിരുവനന്തപുരം: മാര്‍ക്ക് ലിസ്റ്റ് വിവാദം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകയ്ക്കെതിരെ കേസെടുത്ത നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. 180 രാജ്യങ്ങളില്‍ 161-ാം സ്ഥാനത്തേക്ക് ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യം നിലംപൊത്തിയെന്നു വിലപിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ മാധ്യമ സ്വാതന്ത്ര്യത്തെ സംപൂജ്യമാക്കിയെന്ന് കെ സുധാകരന്‍ എംപി വിമർശിച്ചു. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് മാധ്യമവേട്ടയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി പരീക്ഷപോലും എഴുതാതെ ജയിച്ച് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയ സംഭവം പുറത്തുകൊണ്ടുവന്ന കെഎസ്‌യു നേതാക്കള്‍ക്കെതിരെയും അതു വാര്‍ത്തയാക്കിയ ഏഷ്യാനെറ്റ് ചീഫ് റിപ്പോര്‍ട്ടര്‍ അഖിലാ നന്ദകുമാറിനെതിരെയും ഗൂഢാലോചനാ കേസ് എടുത്ത പോലീസ് നടപടി ശുദ്ധതോന്ന്യാസമാണ്. പരാതിക്കാരനെ പ്രതിയാക്കുന്ന വിചിത്ര ഭരണമാണ് പിണറായി സര്‍ക്കാരിന്‍റേതെന്നും കെ സുധാകരന്‍ എംപി ചൂണ്ടിക്കാട്ടി.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി ഉന്നയിച്ച ആരോപണം മുഖവിലയ്‌ക്കെടുത്ത പോലീസ് വ്യാജരേഖ ചമച്ച് ജോലിനേടിയ എസ്എഫ് ഐ നേതാവ് കെ വിദ്യയെ പിടികൂടുകയോ തെളിവ് കണ്ടെത്തുകയോ ചെയ്തില്ല. ആരുടെ ചിറകിനടിയിലാണ് ദിവ്യയെ ഒളിപ്പിച്ചിരിക്കുന്നതെന്ന് അറിയാം. പോലീസിനു പിടിക്കാന്‍ പറ്റില്ലെങ്കില്‍ അതു ജനങ്ങള്‍ ചെയ്യേണ്ടിവരുമെന്നും കെപിസിസി പ്രസിഡന്‍റ് പറഞ്ഞു. വ്യാജരേഖ ചമയ്ക്കല്‍ വിവാദത്തില്‍ നിന്നും ശ്രദ്ധതിരിക്കാനാണോ ഇത്തരം ഒരു നീക്കമെന്നും സംശയിക്കേണ്ടിരിക്കുന്നു. സത്യസന്ധമായി വാര്‍ത്ത നല്‍കുന്ന മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്ന പോലീസ് നടപടി ജനാധിപത്യത്തിന് ഭൂക്ഷണമല്ല. പിണറായി ഭരണത്തില്‍ വ്യാജരേഖ ചമയ്ക്കുന്നവരും കൃത്രിമം കാണിക്കുന്നവരും വാഴ്ത്തപ്പെട്ടവരാണെന്നും അവര്‍ ഇച്ഛിക്കുന്നത് കല്‍പ്പിച്ച് നല്‍കുകയാണ് ആഭ്യന്തരവകുപ്പെന്നും കെ സുധാകരന്‍ പരിഹസിച്ചു.

ബിജെപിയെ വിമര്‍ശിച്ചതിന്‍റെ പേരില്‍ ബിബിസി, മീഡിയാവണ്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ക്കെതിരെ പ്രതികാര നടപടിയെടുത്ത മോദിയുടെ ചേട്ടനാണിപ്പോള്‍ പിണറായി വിജയന്‍. മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടി കൊള്ളരുതായ്മകള്‍ക്ക് മറയിടാനാണ് ഇരുവരുടെയും ശ്രമം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അമിതാധികാര പ്രയോഗത്തിലൂടെ രാജ്യത്ത് സ്വതന്ത്രമാധ്യമ പ്രവര്‍ത്തനം ഇരുളടഞ്ഞു. ഭീഷണിപ്പെടുത്തി വരുതിയിലാക്കുക എന്ന തന്ത്രമാണ് മോദിയും പിണറായിയും നടപ്പാക്കുന്നത്. ഇഷ്ടമില്ലാത്തവരെ നിശബ്ദമാക്കുന്ന സംഘപരിവാര്‍ പതിപ്പിന്‍റെ കേരളാ മോഡലാണ് പിണറായി ഭരണമെന്നും കെ സുധാകരന്‍ എംപി കുറ്റപ്പെടുത്തി.

മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ച് വാചാലരാകുന്ന സിപിഎം അവരുടെ ഭരണത്തില്‍ തുടര്‍ച്ചയായി മാധ്യമവേട്ട നടത്തുന്നു. സിപിഎമ്മിനെ വിമര്‍ശിച്ചതിന്‍റെ പേരില്‍ മുതിര്‍ന് നമാധ്യമ പ്രവര്‍ത്തകന്‍ വിനു വി ജോണിനെതിരെയും എലത്തൂര്‍ ട്രെയിന്‍ കത്തിക്കല്‍ സംഭവത്തില്‍ മാതൃഭൂമി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തത് പിണറായി വിജയന്‍റെ മാധ്യമവേട്ടയുടെ സമീപകാല തെളിവുകളാണ്. മാധ്യമങ്ങളുടെ പരിലാളനയേറ്റാണ് രണ്ടു തവണ മുഖ്യമന്ത്രിയായതെന്ന കാര്യം പിണറായി വിജയന്‍ മറക്കരുതെന്നും കെ സുധാകരന്‍ എംപി പറഞ്ഞു.