ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കൊവിഡ് വാക്സീന്‍ ആകാമെന്ന് ഖത്തര്‍

Jaihind Webdesk
Friday, April 16, 2021

ദോഹ : ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കൊവിഡ് വാക്സീന്‍ എടുക്കാമെന്ന് , ഖത്തറിലെ ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിച്ചു. വിട്ടുമാറാത്ത രോഗങ്ങളുള്ള ഗര്‍ഭിണികള്‍ക്ക് കൊവിഡ് പകരാനുള്ള സാധ്യത കൂടുതലായതിനാല്‍, ഇക്കൂട്ടര്‍ വാക്സീന്‍ എടുക്കുന്നതാണ് ഉചിതമെന്ന് അധികൃതര്‍ പറഞ്ഞു.

ഗര്‍ഭിണിയാകാന്‍ തയാറെടുക്കുന്നവര്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്കും വാക്സീന്‍ സുരക്ഷിതമാണ്. ഗര്‍ഭിണികളില്‍ വാക്സീന്‍ പരീക്ഷണം നടത്തിയിട്ടില്ലെങ്കിലും, ഫൈസര്‍-ബയോടെക് വാക്സിന്‍റെ ക്ലിനിക്കല്‍ ഇതര പഠനങ്ങളില്‍ ഇതിന് ആശങ്കകള്‍ ഇല്ലെന്നും ഖത്തറിലെ ഹെല്‍ത്തി വുമണ്‍ ലീഡിങ് ടു ഹെല്‍ത്തി പ്രെഗ്നന്‍സി ദേശീയ ഹെല്‍ത്ത് സ്ട്രാറ്റജി മേധാവി ഡോ.നജാത് അല്‍ ഖെനിയാബ് വ്യക്തമാക്കി.

നിലവില്‍ ഖത്തറില്‍ വിതരണം ചെയ്യുന്ന മൊഡേണ, ഫൈസര്‍-ബയോടെക് കൊവിഡ് വാക്സീനുകള്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും സുരക്ഷിതമല്ലെന്ന് ഇതുവരെ തെളിവുകളില്ല. വാക്സീന്‍ സ്വീകരിക്കുന്നതിന് മുന്‍പ് ഡോക്ടറുടെ ഉപദേശം തേടണമെന്നും ഡോ.നജാത് പറഞ്ഞു.