‘നേതാക്കൾ തമ്മിൽ ഐക്യവും മനപ്പൊരുത്തവുമില്ല’ ; ബിജെപി കടുത്ത പ്രതിസന്ധിയിലെന്ന് പിപി മുകുന്ദന്‍

Jaihind Webdesk
Wednesday, November 3, 2021

 

‘സംസ്ഥാനത്തെ ബിജെപി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നതായും കേരളത്തിൽ ബിജെപി കടുത്ത പ്രതിസന്ധിയിലാണെന്നും ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ പിപി മുകുന്ദൻ. തെരഞ്ഞെടുപ്പ് കോഴക്കേസ്, കൊടകര കള്ളപ്പണ കേസ് എന്നീ വിവാദങ്ങൾ ഉണ്ടായപ്പോൾ കെ സുരേന്ദ്രൻ മാറി നിൽക്കണമായിരുന്നുവെന്നും ഇതു വരെ പരസ്യമായി ഇക്കാര്യം പറയാതിരുന്നത് കേന്ദ്രത്തിന് താല്‍പര്യമില്ലാത്തതു കൊണ്ടാണെന്നും മുകുന്ദന്‍ പറഞ്ഞു

നേതാക്കൾ തമ്മിൽ ഐക്യവും മനപ്പൊരുത്തവുമില്ല. പ്രവർത്തകർ നിരാശരും നിസ്സംഗരുമായി മാറിയെന്നും പിപി മുകുന്ദന്‍ വിമര്‍ശിച്ചു. എന്തു കൊണ്ടാണ് കേന്ദ്രം ചിറ്റമ്മനയം സ്വീകരിക്കുന്നത് എന്ന് മനസ്സിലാകാത്തതു കൊണ്ടാണ് കേന്ദ്രത്തിന് ഇ മെയില്‍ അയച്ചതെന്നും പത്രങ്ങളോട് ഇക്കാര്യങ്ങള്‍ വിശദീകരിച്ചതെന്നും പിപി മുകുന്ദന്‍ വ്യക്തമാക്കി. ഇനി എന്തു തീരുമാനമാണെങ്കിലും എടുക്കേണ്ടത് കേന്ദ്രമാണെന്നും മുകുന്ദന്‍ പറഞ്ഞു.

ബിജെപിയിലേക്കുള്ള തിരിച്ചു വരവ് തടയാൻ വി മുരളീധരൻ ശ്രമിക്കുന്നതിന്‍റെ കാരണം അറിയില്ലെന്ന് പറഞ്ഞ പി.പി മുകുന്ദന്‍ ഓഫീസിൽ വിളിച്ചുവരുത്തി കുമ്മനം രാജശേഖരന്‍ അപമാനിച്ചതായും മുകുന്ദന്‍ പറഞ്ഞു .