എക്സൈസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചു; കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; തലയ്ക്കും മുതുകിനുമേറ്റ മര്‍ദനം മരണകാരണം

Jaihind News Bureau
Thursday, October 3, 2019

തൃശൂരിൽ എക്സൈസ് കസ്റ്റഡിയിലെടുത്ത യുവാവിന്‍റെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മർദ്ദനമേറ്റതിനെ തുടർന്നുള്ള മാരകമായ 12 ക്ഷതങ്ങൾ യുവാവിന്‍റെ ശരീരത്തിലുണ്ടായിരുന്നു. തലക്ക് പുറകിലും കഴുത്തിനുമേറ്റ ക്ഷതങ്ങളാണ് മരണ കാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.

മലപ്പുറം തിരൂർ സ്വദേശി രഞ്ജിത്ത് ആണ് എക്സൈസ് സ്പെഷൽ സ്ക്വാഡിന്‍റെ കസ്റ്റഡിയിൽ മരിച്ചത്. രഞ്ജിത്തിന് മർദ്ദനമേറ്റുവെന്ന് സ്ഥിരീകരിക്കുന്ന കണ്ടെത്തലുകൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. തലക്കും, തോളിന് താഴെയും, പുറത്തും മർദ്ദനമേറ്റുവെന്നും കടുത്ത ബലപ്രയോഗം നടന്നുവെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. മുതുകിലും വയറിന് താഴെയും ക്ഷതമേറ്റുവെന്നും വിദഗ്ധ പരിശോധനയിൽ വ്യക്തമായി.

ചൊവ്വാഴ്ച വൈകിട്ടാണ് ഗുരുവായൂരിൽ നിന്നും രണ്ട് കിലോ കഞ്ചാവുമായി രഞ്ജിത്തിനെ എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടുന്നത്. ഇവിടെ നിന്നും തൃശൂരിലേക്ക് കൊണ്ടു വരുന്നതിനിടെ വാഹനത്തിൽ വെച്ച് അപസ്മാരം പ്രകടിപ്പിച്ച് കുഴഞ്ഞു വീണുവെന്നായിരുന്നു എക്സൈസിന്‍റെ വിശദീകരണം. ആശുപത്രിയിലെത്തും മുമ്പ് തന്നെ മരിച്ചിട്ടുണ്ടെന്ന് രഞ്ജിത്തിനെ ആദ്യം പരിശോധിച്ച ഡോക്ടർ വ്യക്തമാക്കിയിരുന്നു. ഇയാളുടെ ശരീരം നനഞ്ഞ നിലയിലും പുറത്തും, തോളെല്ലിന് താഴെയുമായി മർദ്ദനമേറ്റുവെന്നും ഡോക്ടർ മൊഴി നൽകിയിരുന്നു. രഞ്ജിത്തിന്‍റെ അറസ്റ്റ് മുതൽ എക്സൈസ് നടപടികളിൽ വൈരുധ്യവുമുണ്ട്. ബുധനാഴ്ച ആർ.ഡി.ഒയുടെ സാനിധ്യത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കിയെങ്കിലുംവിശദമായ പോസ്റ്റ്മോർട്ടത്തിലാണ് ക്രൂര മർദനം വ്യക്തമായത്. റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങൾ പൊലീസിന് കൈമാറി. വിശദമായ റിപ്പോർട്ട് ഉടൻ തന്നെ കൈമാറും.