ശമ്പളം ലഭിക്കാത്തതില്‍ ആധ്യാപകർ സമരം ചെയ്തു; പരീക്ഷ നഷ്ടപെട്ട 600 വിദ്യാർത്ഥികള്‍ പരാജയപ്പെട്ടു

Jaihind Webdesk
Tuesday, April 12, 2022

കോഴിക്കോട് പോളി ടെക്‌നിക് കോളേജിൽ ശമ്പളം നൽകാത്തത് മൂലം അധ്യാപകർ നടത്തിയ സമരത്തിൽ പരീക്ഷ നഷ്ടപ്പെട്ട 600 ഓളം വിദ്യാർത്ഥികൾ പരാജയപ്പെട്ടു. ഇതോടെ വിദ്യാർത്ഥികൾ അനിശ്ചിതകാല സമരമാരംഭിച്ചു. മാസങ്ങളായി ശമ്പളം ലഭിക്കുന്നില്ലന്നാരോപിച്ചാണ് കഴിഞ്ഞ ജനുവരി മാസം അധ്യാപകർ പരീക്ഷ ഉൾപ്പെടെ ബഹിഷ്ക്കരിച്ച് സമരം നടത്തിയിരുന്നത്. ഇതോടെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ രണ്ടാം സെമസ്റ്റർ ഇംഗ്ലീഷ് പരീക്ഷ മുടങ്ങുകയായിരുന്നു. എന്നാൽ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അവസരം നൽകുമെന്നും ആരും പരാജയപ്പെടില്ലന്നും അധികൃതർ ഉറപ്പ് നൽകിയിരുന്നു.

കഴിഞ്ഞ ദിവസം റിസൽട്ട് വന്നപ്പഴാണ് വിദ്യാർത്ഥികൾ പരാജയപ്പെട്ടതായി മനസിലായത്. ഈ സാഹചര്യത്തിലാണ് പ്രശ്ന പരാഹാരമുണ്ടാവുന്നത് വരെ വിദ്യാർത്ഥികൾ സമരരംഗത്തിറങ്ങിയത്. ജനുവരിയിൽ പരീക്ഷ എഴുതാനായ് എത്തിയ വിദ്യാർത്ഥികൾക്ക് പരീക്ഷ നടത്താത്തതിനെതിരെയുള്ള പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചിരുന്നു. 6 മാസത്തിലധികമായി അധ്യാപകർക്ക് ശമ്പളം ലഭിച്ചിരുന്നില്ലന്നാണ് അധ്യാപകർ പറഞ്ഞിരുന്നത്. ഇത് സംബന്ധിച്ച് അധ്യാപകർ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതിയും നൽകിയിരുന്നു. തുടർന്ന് മുക്കം പോലീസിൻ്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ അധ്യാപകർക്ക് ശമ്പളം നൽകാൻ തീരുമാനമായതോടെ പരീക്ഷ നടത്താൻ അധ്യാപകരും തയ്യാറാവുകയായിരുന്നു. ഈ വിഷയമാണിപ്പോൾ 2 മാസത്തിന് ശേഷം വീണ്ടും വിവാദമായിരിക്കുന്നത്