ബി.ജെ.പിയുമായി എല്‍.ഡി.എഫ് വോട്ട് കച്ചവടം ഉറപ്പിച്ചു : പി.സി വിഷ്ണുനാഥ്

Friday, October 4, 2019

ബി.ജെ.പിയുമായി വോട്ട് കച്ചവടം ഉറപ്പിച്ചാണ് എൽ.ഡി.എഫ് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ്. അതിന്‍റെ തുടക്കമാണ് പാലായിൽ കണ്ടതെന്നും പി.സി വിഷ്ണുനാഥ് മഞ്ചേശ്വരം മീഞ്ചയിൽ പറഞ്ഞു.

മഞ്ചേശ്വരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.സി കമറുദ്ദീന്‍റെ മീഞ്ച മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്ത് കൊണ്ടാണ് ബി.ജെ.പിക്കും, സി.പി.എമ്മിനും എതിരെ എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ് കടുത്ത വിമർശനം നടത്തിയത്. ഇടതുപക്ഷത്തിന് ദേശീയ രാഷ്ട്രീയത്തിൽ കാഴ്ചക്കാരന്‍റെ റോൾ പോലും ഇല്ലെന്ന് വിഷ്ണുനാഥ് പറഞ്ഞു.

കോൺഗ്രസിനെയും, യു.ഡി.എഫിനെയും തോൽപിക്കാൻ ബി.ജെ.പിയും, സി.പി.എമ്മും ഒത്തുകളി ആരംഭിച്ചു കഴിഞ്ഞു. ഒത്തുകളിയുടെ തുടക്കമാണ് പാലായിൽ കണ്ടത്. പാലായിൽ ബി.ജെ.പിയുടെ വോട്ട് സി.പി.എമ്മിന് വെറുതെ കൊടുത്തതാവാൻ സാധ്യതയില്ലെന്നും വിഷ്ണുനാഥ് പറഞ്ഞു.

രാജ് മോഹൻ ഉണ്ണിത്താൻ എം.പി., പാറയ്ക്കൽ അബ്ദുള്ള എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണൻ, പി.കെ ഫിറോസ്, ഡി.സി.സി പ്രസിഡന്‍റ് ഹക്കിം കുന്നേൽ, ഖാദർ മാങ്ങാട്, മുൻ മന്ത്രി സി.ടി അഹമ്മദലി തുടങ്ങിയവർ സംസാരിച്ചു. നിരവധി പേരാണ് മീഞ്ചയിലെ കൺവെൻഷന് എത്തിയത്. യു.ഡി.എഫ് സ്ഥാനാർത്ഥി എം.സി കമറുദ്ദീൻ മീഞ്ചയിലെ വിവിധ ഭാഗങ്ങളിലും വോട്ടഭ്യർത്ഥിച്ച് പര്യടനം നടത്തി.