ഉപതെരഞ്ഞെടുപ്പ് : യു.ഡി.എഫ് അഞ്ചിടത്തും മികച്ച വിജയം നേടുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ | Video

Jaihind Webdesk
Sunday, September 29, 2019


സംസ്ഥാനത്ത് നടക്കുന്ന 5 ഉപതെരഞ്ഞെടുപ്പുകളിലും പച്ചയായ രാഷ്ടീയം പറഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിടാനാണ് യു.ഡി.എഫിന് താത്പര്യമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സംസ്ഥാന സർക്കാറിനെതിരെയുള്ള വിധിയെഴുത്തായിരിക്കും അഞ്ചിടത്തും നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം നിയോജക മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ.

മുദ്രാവാക്യം വിളികളോടെയാണ് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെയും സ്ഥാനാർത്ഥി ടി.ജെ വിനോദിനെയും പ്രവർത്തകർ വേദിയിലേക്ക് ആനയിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് പോലെ തന്നെ മികച്ച സ്ഥാനാർത്ഥികളെയാണ് അഞ്ചിടത്തും ഇത്തവണ യു.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്. അഞ്ചിടത്തും മികച്ച വിജയം നേടാൻ യു.ഡി.എഫിന് കഴിയുമെന്നും മുല്ലപ്പള്ളി ആത്മവിശ്വാസം പ്രകടിപ്പിച്ചു. കഴിവുകെട്ട സർക്കാരാണ് കേരളം ഭരിക്കുന്നതെന്നുo സർവ മേഖലയിലും പരാജയപ്പെട്ട സർക്കാറിന് കൂട്ടുത്തരവാദിത്വം നഷ്ടമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്തുണ്ടായ പ്രകൃതി ദുരന്തങ്ങൾ നേരിടുന്നതിൽ സർക്കാർ പരാജയമായി മാറിയെന്നും ദുരിത ബാധിതരെ സഹായിക്കാൻ പിരിച്ചെടുത്ത പണത്തിന് പോലും കൃത്യമായ കണക്ക് പോലും സർക്കാറിനറിയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി. രാഷ്ട്രീയ കൊലപാതകവും, കർഷക ആത്മഹത്യയും, ആർഭാടവും, ധൂർത്തും മാത്രമാണ് സർക്കാറിന്‍റെ സംഭാവനയെന്നും വൻകിട മുതലാളിമാരെ സംരക്ഷിക്കാനാണ് സർക്കാറിന് താത്പര്യമെന്നും അദ്ദേഹം പറഞ്ഞു. പാലായിൽ ഉണ്ടായത് രാഷ്ട്രീയ തിരിച്ചടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രം ഭരിക്കുന്ന മോദി സർക്കാർ ദുരന്തമായി മാറിയെന്നും രാജ്യത്തെ പൂർണമായും തകർത്ത കേന്ദ്ര സർക്കാറിനെതിരെ ജനം വിധിയെഴുതുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടിച്ചേർത്തു.

വി.ഡി.സതീശൻ എം.എൽ.എ അധ്യക്ഷത വഹിച്ച കൺവൻഷനിൽ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എം.പി, യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ എം.പി, എം.പിമാരായ ഹൈബി ഈഡൻ, തോമസ് ചാഴിക്കാടൻ, എം.എൽ.എമാർ, ഘടകകക്ഷി നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു. നൂറ് കണക്കിന് യു.ഡി.എഫ് പ്രവർത്തകരാണ് കൺവൻഷനിൽ പങ്കാളികളായത്.

https://www.youtube.com/watch?v=tyMEbyrxSvU