മഞ്ചേശ്വരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി കമറുദ്ദീന് ഊഷ്മള സ്വീകരണം നല്‍കി വോട്ടർമാർ

Jaihind News Bureau
Wednesday, October 16, 2019

മഞ്ചേശ്വരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.സി കമറുദ്ദീൻ മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ പര്യടനം തുടരുകയാണ്. വോട്ടഭ്യർത്ഥിച്ച് വോർക്കാടിയിൽ എത്തിയ എം.സി കമറുദ്ദീന് ആവേശകരമായ സ്വീകരണമാണ് പ്രവർത്തകർ നൽകിയത്.

യു.ഡി.എഫിന്‍റെ ശക്തികേന്ദ്രങ്ങൾ ഉൾപ്പെടുന്ന വോർക്കാടി പഞ്ചായത്തിലാണ് എം.സി കമറുദ്ദീൻ പര്യടനം നടത്തിയത്. തൗഡുഗോളിയിൽ നിന്നാണ് യു.ഡി.എഫ് സ്ഥാനാർത്ഥി വോർക്കാടി പഞ്ചായത്തിലെ പര്യടനം ആരംഭിച്ചത്. കൽമിൻജ, കെദുമ്പാടി, മച്ചമ്പാടി കോടി, പാവൂർ പോസ്റ്റ് ഓഫീസ്, സൂഫിഗുരി , പൊയ്യെ , ബടിയാർ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ ഹൃദ്യമായ സ്വീകരണമാണ് എം.സി കമറുദ്ദീന് പ്രവർത്തകർ നൽകിയത്. മഞ്ചേശ്വരത്ത് യു.ഡി.എഫ് വിജയിക്കേണ്ടതിന്‍റെ രാഷ്ട്രീയ പ്രാധാന്യത്തിലൂന്നിയായിരുന്നു സ്ഥാനാർത്ഥിയുടെ പ്രസംഗം.

ചിലയിടങ്ങളിൽ മതേതരത്വത്തെ കുറിച്ച് പാട്ടു പാടി കൊണ്ടായിരുന്നു എം.സി കമറുദ്ദീന്‍റെ വോട്ടഭ്യർത്ഥന. മിക്ക സ്വീകരണ കേന്ദ്രങ്ങളിലും പ്രധാന പ്രാസംഗികരായി കർണാടകയിലെ കോൺഗ്രസ് നേതാക്കൾ ഉണ്ടായിരുന്നു. കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തിയ കർണാടകയിലെ നേതാക്കൾ കൈയടി നേടി. രാത്രീയോടെ മജീർ പള്ളിയിലെ പൊതുയോഗത്തോടെയാണ് വോർക്കാടി പഞ്ചായത്തിലെ എം.സി കമറുദ്ദീന്‍റെ പര്യടനം സമാപിച്ചത്.