ബംഗളുരു : കർണാടക ബി.ജെ.പിയിൽ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. ബി.എസ് യെദ്യൂരപ്പെയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് താഴെയിറക്കാൻ പാർട്ടിയിലെ വിമത പക്ഷം നീക്കം ശക്തമാക്കി. മുതിർന്ന ബി.ജെ.പി നേതാവ് ജഗദീഷ് ഷെട്ടാറിന്റെ വീട്ടിൽ വിമതർ യോഗം ചേർന്നു.
ഒരിടവേളയ്ക്ക് ശേഷം വീണ്ടും കർണാടക ബി.ജെ.പിയിൽ വീണ്ടും പ്രതിസന്ധി രൂക്ഷമാവുകയാണ്. ബി.എസ് യെദ്യൂരപ്പെയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കാണമെന്നാണ് ജഗദീഷ് ഷെട്ടാറിന്റെ നേതൃത്വത്തിലുളള വിമത വിഭാഗത്തിന്റെ ആവശ്യം. യെദ്യൂരപ്പയെ മാറ്റണമെന്നാവശ്യം വിമതർ കേന്ദ്ര നേതൃത്വത്തെയും അറിയിച്ച് കഴിഞ്ഞു. യെദിയൂരപ്പയ്ക്ക് പകരം ജഗദീഷ് ഷെട്ടാറിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഇവരുടെ ആവശ്യം. കേന്ദ്ര നേതൃത്വം ഇതിന് വഴങ്ങിയില്ലെങ്കിൽ കർണാടകത്തിൽ ബി.ജെ.പിക്ക് ഭരണം നഷ്ടമാകുമെന്ന സൂചനയും വിമത നേതാക്കൾ നൽകിയിട്ടുണ്ട്.
യെദ്യൂരപ്പയും ജഗദീഷ് ഷെട്ടാർ വിഭാഗവും തമ്മിൽ ഏറെക്കാലമായി അഭിപ്രായ വ്യത്യാസം നിലനിൽക്കുകയാണ്. യെദ്യൂരപ്പയുടെ പ്രായം ഉയർത്തിക്കാട്ടിയാണ് ഇപ്പോൾ വിമതർ നേതൃമാറ്റം ആവശ്യപ്പെടുന്നത്. 77 വയസ് പൂർത്തിയായ യെദ്യൂരപ്പയ്ക്ക് ശാരീരിക അവശതകൾ കാരണം മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ കഴിയുന്നില്ലെന്നാണ് വിമതരുടെ വാദം. മാത്രമല്ല കേന്ദ്ര നേതൃത്വം നിശ്ചയിച്ച പ്രായപരിധി മാനദണ്ഡം മറികടന്നാണ് അദ്ദേഹത്തെ വീണ്ടും മുഖ്യമന്ത്രിയാക്കിയതെന്നും വിമതപക്ഷം വാദിക്കുന്നു.
മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാറിന്റെ വസതിയിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ
മന്ത്രിസഭ വികസന വേളയിൽ തഴയപ്പെട്ട മുതിർന്ന നേതാക്കളിൽ മിക്കവരും പങ്കെടുത്തിരുന്നു. ഇതിന് പുറമെ കർണാടകയിലെ
പ്രബല സമുദായമായ ലിംഗായത്ത് വിഭാഗത്തിൽ നിന്നുള്ള നേതാക്കളും യെദ്യൂരപ്പക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. മക്കൾ രാഷ്ട്രീയം വളർത്താൻ യെദ്യൂരപ്പ ശ്രമിക്കുന്നു എന്നതടക്കമുള്ള വിമർശനങ്ങൾ ഉൾക്കൊള്ളുന്ന അജ്ഞാത കത്തും കർണാടക ബി.ജെ.പിക്കുള്ളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.