ശബരിമലയെ ചൊല്ലി കലാപം: സി.പി.എം-സംഘപരിവാർ നീക്കത്തിന് പിന്നിൽ ആസൂത്രിത അജണ്ട

Jaihind Webdesk
Saturday, October 13, 2018

സ്ത്രീ പ്രവേശനം സംബന്ധിച്ച് വിശ്വാസികൾക്കിടയിൽ ആശങ്ക വർധിക്കുന്നതിനിടെ ശബരിമലയിൽ കലാപം വിതയ്ക്കാനുള്ള സി.പി.എം – സംഘപരിവാർ നീക്കത്തിന് പിന്നിൽ ആസൂത്രിത അജൻഡ. നിലവിലെ ഭരണപരാജയം മറയ്ക്കാൻ കേന്ദ്ര – കേരള സർക്കാരുകൾക്ക് വീണുകിട്ടിയ രാഷ്ട്രീയ ആയുധമായി ശബരിമലയെ മാറ്റാനുള്ള നീക്കമാണ് ഇരുവിഭാഗവും നടത്തുന്നത്. ഇരുപാർട്ടികളുടെയും കേന്ദ്രനേതൃത്വങ്ങളും സജീവമായി ഇതിന് പിന്നിലുണ്ട്. വിധിക്കെതിരെ സി.പി.എം നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാർ അപ്പീൽ നൽകില്ലെന്ന് പറയുമ്പോൾ അതിനെച്ചൊല്ലി ഉയരുന്ന വിവാദങ്ങളുടെ രാഷ്ട്രീയലാഭം മുതലാക്കാൻ ബി.ജെ.പിയും രംഗത്തിറങ്ങിക്കഴിഞ്ഞു. രാഷ്ട്രീയമായി ഇരുപാർട്ടികളും കൊമ്പുകോർക്കുമ്പോൾ ഭക്തജനങ്ങളുടെ യഥാർഥ ആശങ്കയ്ക്ക് പരിഹാരം കാണാൻ ബി.ജെ.പിയും സി.പി.എമ്മും ശ്രമിക്കുന്നില്ലെന്നതാണ് വസ്തുത.

ഉയരുന്ന ഇന്ധനവിലയും റഫേൽ അഴിമതിയും സാമ്പത്തികത്തട്ടിപ്പും മറയ്ക്കാൻ ബി.ജെ.പി

നാലരവർഷത്തെ നരേന്ദ്ര മോദി സർക്കാരിന്‍റെ കഴിവുകെട്ട ഭരണത്തിന് തുടർച്ചയുണ്ടാക്കാനുള്ള നീക്കം സജീവമാക്കുന്നതിന്‍റെ ഭാഗമായാണ് കേരളത്തിൽ വേരുറപ്പിക്കാത്ത ബി.ജെ.പി ശബരിമല സമരത്തിലൂടെ ഉന്നം വെക്കുന്നത്. തങ്ങൾ അധികാരത്തിലെത്തിയാൽ ഇന്ധനവില കുറയ്ക്കുമെന്ന് പറഞ്ഞ ബി.ജെ.പിയുടെ ഭരണകാലത്ത് കുതിച്ചുയരുന്ന ഇന്ധനവില സാധാരണക്കാരെ ബാധിച്ചതോടെ പാർട്ടിയുടെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്ക് ഉത്തരം മുട്ടി. ദീര്‍ഘവീക്ഷണമില്ലാതെ നടപ്പാക്കിയ നോട്ടുനിരോധനവും ജി.എസ്.ടിയും വിപണിയെ കാര്യമായി ബാധിച്ചതോടെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് തകർന്നത്.

കള്ളപ്പണ നിർമാർജനമാണ് തങ്ങളുടെ മുഖ്യലക്ഷ്യമെന്ന് വാദിച്ച ബി.ജെ.പി സർക്കാരിന്‍റെ കാലത്ത് കോടികളുടെ ബാങ്ക് വായ്പ തരപ്പെടുത്തിയ വൻ വ്യവസായികൾ ഭരണത്തണലിൽ വിദേശത്തേക്ക് കടന്നതോടെ സർക്കാർ നാണക്കേടിന്‍റെ പടുകുഴിയിലാണ് വീണത്. ഇതിനുപുറമെ റഫേൽ ഇടപാടിലെ കോടികളുടെ അഴിമതിയും പുറത്തുവന്നതോടെ പാർട്ടി നേതൃത്വവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കടുത്ത പ്രതിരോധത്തിലായി. വടക്കേ ഇന്ത്യയിൽ ഭരണപരാജയം മറയ്ക്കാനുള്ള ഹിന്ദുത്വ കാർഡ് പല ഘട്ടങ്ങളിൽ ബി.ജെ.പി സംഘപരിവാർ ഇറക്കി വിജയം കണ്ടെങ്കിലും തെക്കേ ഇന്ത്യയിൽ കർണാടകയിലൊഴിച്ച് മറ്റ് സംസ്ഥാനങ്ങളിൽ കാര്യമായി വേരുറപ്പിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല.

പ്രദേശിക മുന്നേറ്റങ്ങൾ നടത്താൻ അതത് സംസ്ഥാന നേതൃത്വങ്ങൾ ശ്രമിച്ചപ്പോഴൊക്കെ തിരിച്ചടിയായിരുന്നു ഫലം. വർഗീയ ധ്രൂവീകരണം നടത്തി കേരളത്തിൽ പലതവണ മുന്നേറ്റത്തിന് ശ്രമിച്ചുവെങ്കിലും രൂക്ഷമായ ഗ്രൂപ്പ് പ്രവർത്തനവും പൊതുസമൂഹത്തിൽ നിന്നുമുള്ള എതിർപ്പുമാണ് ബി.ജെ.പിക്ക് വിനയായത്. ഇതോടെയാണ് നിലവിൽ ശബരിമല സ്ത്രീ പ്രവേശനം രാഷ്ട്രീയ ആയുധമാക്കി സംസ്ഥാനത്ത് ചുവടുറപ്പിക്കാൻ ബി.ജെ.പി കേന്ദ്ര-സംസ്ഥാന നേതൃത്വം സംഘപരിവാറിന്‍റെ പിന്തുണയോടെ ശ്രമമാരംഭിച്ചത്. ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധിയെ ആദ്യം സ്വാഗതം ചെയ്ത് ബി.ജെ.പി – ആർ.എസ്.എസ് കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങൾ രംഗത്ത് വന്നിരുന്നു.

സ്ത്രീപ്രവേശനത്തെ ന്യായീകരിച്ച് പാർട്ടി മുഖപത്രമായ ജന്മഭൂമിയിലും ആർ.എസ്.എസ് മുഖപത്രമായ കേസരിയിലും സംഘപരിവാർ, ബി.ജെ.പി സമുന്നത നേതൃപദവിയിലിരുക്കുന്നവരുടെ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെ എൻ.എസ്.എസ് അടക്കമുള്ള സാമുദായിക സംഘടനകൾ ഭക്തജനങ്ങൾക്കൊപ്പം നിന്ന് സംഘടിപ്പിച്ച സമരങ്ങൾക്ക് വൻ തോതിലുണ്ടായ പങ്കാളിത്തം ബി.ജെ.പി – സംഘപരിവാർ നിലപാടിന് കടുത്ത തിരിച്ചടിയാണ് സമ്മാനിച്ചത്. ഇതിനുശേഷമാണ് പ്രശ്‌നത്തെ രാഷ്ട്രീയമായി ഉയർത്തിക്കൊണ്ടുവന്ന് ഭരണപരാജയം മറച്ച് അടുത്ത പാർലമെന്‍റെ തെരെഞ്ഞെടുപ്പിൽ കേരളത്തിൽ ചുവടുറപ്പിക്കാമെന്ന തന്ത്രത്തിന്‍റെ ഭാഗമായി ബി.ജെ.പി സമരത്തിനിറങ്ങിയത്. എന്നാൽ സംഘപരിവാർ- ബി.ജെ.പി നേതൃത്വങ്ങളിലെ ചിലരുടെ എതിർപ്പ് സമരങ്ങൾക്കിടയിലും പാർട്ടിയെ പിന്നോട്ടു വലിക്കുന്നു. മുൻ സംഘടനാ ജനറൽ സെക്രട്ടറി പി.പി മുകുന്ദൻ അടക്കമുള്ളവർ ബി.ജെ.പിയുടെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി രംഗത്തു വന്നതും പൊതുസമൂഹത്തിൽ ബി.ജെ.പിയുടെ വിശ്വാസ്യത തകർക്കുന്നുവെന്നതും വസ്തുതയാണ്. സമരങ്ങളിൽ ഏർപ്പെടുന്നതിന് പകരം ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര സർക്കാരിനെ സമീപിച്ച് ഓർഡിനൻസ് ഇറക്കാൻ ശ്രമിക്കാതിരിക്കുന്ന ബി.ജെ.പി ഇതിനുന്നയിക്കുന്ന മുട്ടുന്യായങ്ങളും വിശ്വാസയോഗ്യമല്ല.

പ്രളയാനന്തര ഭരണപരാജയവും ബ്രൂവറി അഴിമതിയും പീഡനാരോപണങ്ങളും ചർച്ചയാകാതിരിക്കാൻ സി.പി.എം

സംസ്ഥാനത്തെ വലച്ച പ്രളയക്കെടുതിയിലുള്ള സർക്കാരിന്‍റെ വീഴ്ചയും, മാനദണ്ഡങ്ങളും നടപടിക്രമങ്ങളും കാറ്റിൽപറത്തി ബ്രൂവറി – ഡിസ്റ്റിലറികൾ അനുവദിച്ചതിലുള്ള കോടികളുടെ അഴിമതിയും പുറത്തുവരാതിരിക്കാൻ ശബരിമലയെ രാഷ്ട്രീയ ആയുധമാക്കി ചർച്ചകളിൽ നിലനിർത്താനാണ് സി.പി.എമ്മും ഇടതുമുന്നണിയും ശ്രമിക്കുന്നത്. ശബരിമലയിലെ ആചാരങ്ങൾ അതേപടി നിലനിർത്തുന്നതിന് സർക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ് സി.പി.എമ്മിനെതിരെ വിശ്വാസികൾ തിരിയാൻ കാരണമായത്. സുപ്രീം കോടതിയിൽ ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് നൽകിയ സത്യവാങ്മൂലം പിൻവലിച്ച് സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന പുതിയ സത്യവാങ്മൂലം നൽകിയതാണ് പിണറായി സർക്കാരിന് വിനയായത്.

കേസിൽ സർക്കാരിന്‍റെ വാദത്തെ അടിസ്ഥാനമാക്കി ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതിവിധി സാമൂഹിക നവീകരണത്തിന്‍റെ ഭാഗമാക്കി നേട്ടം കൊയ്യാനുള്ള രാഷ്ട്രീയ നീക്കത്തിനും സി.പി.എം തുടക്കമിട്ടു കഴിഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തിൽ തങ്ങൾ വിഷയത്തിൽ പുനഃപരിശോധനാ ഹർജി നൽകില്ലെന്നതാണ് സർക്കാരിന്‍റെ വാദം. ഇതിനെതിരെ ഭക്തജനങ്ങൾ തെരുവിലിറങ്ങിയതോടെ പ്രതിഷേധങ്ങളെ നേരിടാൻ സി.പി.എം രാഷ്ട്രീയ വിശദീകരണയോഗങ്ങൾക്കും തയാറെടുത്തു കഴിഞ്ഞു. സ്ത്രീപ്രവേശന വിഷയത്തിൽ സി.പി.എമ്മിലും ഇടതുമുന്നണിയിലും ദേവസ്വം ബോർഡിലുമുള്ള ഭിന്നതയും സർക്കാരിന് തലവേദനയായിട്ടുണ്ട്. എന്നാൽ ശബരിമല സ്ത്രീപ്രവേശന വിധി നടപ്പാക്കുമെന്ന നിലപാടിൽ നിന്നും പിന്നോട്ടില്ലെന്നതാണ് സർക്കാർ നിലപാട്.

കോടികളുടെ അഴിമതി മണക്കുന്ന ബ്രൂവറി-ഡിസ്റ്റിലറി ഇടപാടിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉയർത്തിയ ആരോപണങ്ങൾ സർക്കാരിന് കാലിടറിയിരുന്നു. ഇത്തേുടർന്ന് ഉത്തരവ് പിൻവലിക്കാൻ മുഖ്യമന്ത്രി നിർബന്ധിതനായെങ്കിലും ഇതിനു പിന്നിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്താൻ സി.പി.എം തയാറായിട്ടില്ല. ലോക്‌സഭാ തെരെഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഇത്തരം അനുമതികൾ ചില കമ്പനികൾക്ക് മാത്രം നൽകി വിവാദം ക്ഷണിച്ചുവരുത്തി സർക്കാരിന്‍റെ പ്രതിഛായയ്ക്ക് കളങ്കമേൽപ്പിച്ചുവെന്ന വികാരം മുന്നണിയിലാകെ പ്രകടമാണ്. ബ്രൂവറി അനുമതി തിടുക്കത്തിലുള്ളതായി പോയെന്ന് സി.പി.ഐ തുറന്നു പറയുമ്പോൾ മറ്റ് ഘടകകക്ഷികൾ ഇനിയും മനസ് തുറന്നിട്ടില്ല.

ഇതിനെല്ലാം പുറമേ ഷൊർണൂർ എം.എൽ.എ പി.കെ ശശിക്കെതിരെ ഉയർന്ന ലൈംഗിക പീഡന പരാതിയും സി.പി.എമ്മിനെ രാഷ്ട്രീയമായി മുറിവേൽപ്പിച്ചു. വിഷയത്തിൽ പാർട്ടി അന്വേഷണ കമ്മീഷനെ നിയമിച്ചുവെങ്കിലും അന്വേഷണ റിപ്പോർട്ട് ഇതുവരെ സമർപ്പിച്ചുവോയെന്ന കാര്യത്തിലും വ്യക്തതയില്ല. കഴിഞ്ഞ രണ്ട് മാസങ്ങളിലായി ഏതാണ്ട് പതിനാലോളം ലൈംഗിക പീഡന പരാതികളാണ് സി.പി.എം, പോഷകസംഘടനാ നേതാക്കൾ എന്നിവർക്കെതിരെ ഉയർന്നു വന്നിട്ടുള്ളത്. ഇതിനൊന്നും മറുപടി നൽകാൻ സി.പി.എമ്മിനായിട്ടില്ല. ഇതോടെ ശബരിമല വിഷയം സജീവ ചർച്ചയാക്കി നിലനിർത്താൻ സി.പി.എം മന:പൂർവം തീരുമാനിക്കുകയായിരുന്നു. ഇതിന് കേന്ദ്രനേതൃത്വവും സംസ്ഥാന ഘടകത്തിന് പച്ചക്കൊടി നൽകിയിട്ടുണ്ട്.

ഇരുപാർട്ടികളും വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കുമ്പോൾ ശബരിമലയിലെ ഭക്തജനങ്ങളുടെ യഥാർഥ പ്രശ്‌നങ്ങൾ എങ്ങും ചർച്ചയാവുന്നില്ല. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനു മുമ്പ് സമവായ ചർച്ചകൾ നടത്തി വിശ്വാസികളുടെ വികാരത്തെ മാനിക്കാൻ സർക്കാരിൽ നിന്നും ഇതുവരെ നീക്കമുണ്ടായിട്ടില്ല. ശബരിമല വിഷയത്തിൽ നിന്നും രാഷ്ട്രീയലാഭം ലക്ഷ്യം വെക്കുന്ന സി.പി.എമ്മും ബി.ജെ.പിയും അക്ഷരാർഥത്തിൽ ലോക്‌സഭാ തെരെഞ്ഞെടുപ്പിലെ മുന്നേറ്റമാണ് ലക്ഷ്യം വെക്കുന്നത്. ഇതിനായി ഇനിയും അടവുകൾ ഇരുപാർട്ടികളുടെയും അണിയറിൽ ഒരുങ്ങുന്നുവെന്നതാണ് നിലവിൽ ലഭിക്കുന്ന വിവരം.

-അരവിന്ദ് ബാബു-