നിലമ്പൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പോലീസുകാരന് പരിക്ക്; സംഭവം മാവോയിസ്റ്റ് തിരച്ചിലിനിടെ

Jaihind Webdesk
Wednesday, July 26, 2023

 

മലപ്പുറം: കാട്ടാനയുടെ ആക്രമണത്തിൽ പോലീസുകാരന് പരിക്ക്. നിലമ്പൂർ കരുളായി മാഞ്ചീരി കാട്ടിൽ വെച്ച് അരീക്കോട് ക്യാമ്പിലെ പോലീസുകാരനാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്ക് പറ്റിയത്. മാവോയിസ്റ്റ് തിരച്ചിലിനിടെ രാവിലെയാണ് കാട്ടാന ആക്രമിച്ചത്.

തണ്ടര്‍ ബോള്‍ട്ട് അംഗമായ അഹമ്മദ് ബഷീറിന് പരിക്കേറ്റത്. കാട്ടില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചിലിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശമാണിത്. മാവോയിസ്റ്റുകളെ കണ്ടെത്തുന്നതിന് നിരന്തരം തണ്ടര്‍ ബോള്‍ട്ട് ഇവിടെ തിരച്ചില്‍ നടത്താറുണ്ട്. മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചിലിനിടെ തണ്ടര്‍ബോള്‍ട്ട് സംഘം കാട്ടാനയുടെ മുന്നില്‍പ്പെട്ടു. ഓടി രക്ഷപ്പെടുന്നതിനിടെയാണ് അഹമ്മദ് ബഷീറിന് പരിക്കേറ്റത്. ബഷീറിന്‍റെ കൈയ്ക്കാണ് പരിക്ക്. ഇദ്ദേഹത്തെ ആദ്യം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.