കെ.എം. ബഷീറിന്റെ അപകടമരണം: കേസ് അട്ടിമറിക്കാന്‍ പോലീസ് ശ്രമിക്കുന്നതായി കുടുംബം

Jaihind Webdesk
Sunday, August 4, 2019

സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധന വൈകിയതു തന്നെ ദുരൂഹമെന്ന് കെ എം ബഷീറിന്റെ കുടുംബം. ശ്രീറാം വെങ്കിട്ടരാമനെതിരായ പോലീസ് അന്വേഷണത്തില്‍ സംശയമുണ്ടെന്നും സഹോദരന്‍ അബ്ദുള്‍ റഹ്മാന്‍ വ്യക്തമാക്കി.
അപകടം നടക്കുമ്പോള്‍ ശ്രീറാം അമിതമായി മദ്യപിച്ചിരുന്നു. തുടക്കത്തില്‍ പോലീസ് ഒത്തുകളിക്കാന്‍ ശ്രമിച്ചു. പിന്നീടാണ് കാര്‍ ഓടിച്ചത് ശ്രീറാം തന്നെയാണെന്ന് സ്ഥിരീകരിക്കാന്‍ പോലീസ് തയ്യാറായത്. ഇതിലെ ദുരൂഹത പുറത്തുകൊണ്ടുവരണം. കേസില്‍ ഉന്നത ഉദ്യോഗസ്ഥന്‍ പ്രതിയായതിനാല്‍ ആശങ്കയുണ്ട്. സാക്ഷികള്‍ മൊഴിമാറ്റാന്‍ സാധ്യതയുണ്ടെന്ന സംശയവുമുണ്ട്. മുഖ്യമന്ത്രിയെ കണ്ട് കുടുംബത്തിന്റെ അവസ്ഥകള്‍ അറിയിക്കുമെന്നും അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു.

അതേസമയം മദ്യപിച്ച് കാറോടിച്ച് മാധ്യമ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ റിമാന്‍ഡിലാണ്. ശ്രീറാമിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. അപകടസമയം കാറിലുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ചട്ടപ്രകാരം ശ്രീറാമിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് സമീപമാണ് മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീറിനെ കാറിടിച്ച് ശ്രീറാം കൊലപ്പെടുത്തിയത്. അമിത വേഗതയില്‍ എത്തിയ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട ബഷീറിന്റെ ബൈക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കി. എന്നാല്‍ താനല്ല സുഹൃത്താണ് കാറോടിച്ചതെന്ന് ശ്രീറാം പോലീസിനോട് പറഞ്ഞിരുന്നു. പിന്നീട് ദൃക്‌സാക്ഷിയുടെയും സുഹൃത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്താലാണ് വാഹനം ഓടിച്ചത് ശ്രീറാമാണെന്ന് സ്ഥിരീകരിച്ചത്.

കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ ശ്രീറാം വെങ്കിട്ടരാമന് സര്‍വെ ആന്റ് ലാന്‍ഡ് റിക്കോര്‍ഡ്‌സ് വകുപ്പിന്റെ ഡയറക്ടരുടെ ചുമതല നല്‍കിയിരുന്നു. പ്രൊജക്ട് ഡയറക്ടര്‍-കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്‍, ഹൗസിംഗ് കമ്മീഷണര്‍, സെക്രട്ടറി-കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡ് എന്നീ അധിക ചുമതലകളും ശ്രീറാമിനാണ്.