മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ റിമാന്‍ഡില്‍ കഴിയുന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കട്ടരാമനെ രക്ഷിക്കാനുള്ള പോലീസ് ശ്രമം തുടരുന്നു.
ഗുരുതര പരിക്കില്ലാതിരുന്നിട്ടും ശ്രീറാമിനെ ആശുപത്രിയിൽ തുടരാൻ പൊലീസ് അനുവദിക്കുന്നത് ജയിൽവാസം ഒഴിവാക്കാനാണെന്നാണ് സൂചന. അതിനിടെ, ശ്രീറാമിനെ പ്രതി ചേർക്കാതെ പോലീസ് രജിസ്റ്റർ ചെയ്ത ആദ്യ എഫ്.ഐ.ആറിന്‍റെ പകർപ്പ് പുറത്തുവന്നു.
ശ്രീറാമിനെതിരെ മൊഴി നൽകിയ ദൃക്സാക്ഷി വഫ ഫിറോസിനെ കൂട്ടുപ്രതിയാക്കിയത് കേസ് ദുർബലപ്പെടുത്താനെന്നാണ് സൂചന. പ്രതിക്കെതിരെ രഹസ്യമൊഴി നൽകിയയാളെ കൂട്ടുപ്രതിയാക്കിയതിൽ ദുരൂഹതകളുണ്ട്. കോടതിയിൽ തെളിവുകളും സാക്ഷിമൊഴികളും പരിഗണിക്കപ്പെടുമ്പോൾ കൂട്ടുപ്രതിയുടെ മൊഴി ദുർബലമായേക്കും. ഈ പഴുതുപയോഗിച്ച് ശ്രീരാമിന് അനുകൂല സാഹചര്യം സൃഷ്ടിക്കാനാണ് നീക്കം.
പൊലീസിന്‍റെ അട്ടിമറി നീക്കം വ്യക്തമാക്കുന്നതാണ് ആദ്യ എഫ്.ഐ.ആറിലെ ഉള്ളടക്കം. ശ്രീറാമിന്‍റെ പേരോ മദ്യപിച്ച വിവരമോ ഉൾപ്പെടുത്താതെയാണ് ആദ്യ എഫ്.ഐ.ആർ തയാറാക്കിയിരിക്കുന്നത്. റിമാന്‍ഡ് പ്രതിയായ ശ്രീറാം ഫൈവ് സ്റ്റാർ സൗകര്യങ്ങളോടെയാണ് സ്വകാര്യ ആശുപത്രിയിൽ തുടരുന്നത്.