‘പോറ്റിയെ കേറ്റിയേ’ ഗാനത്തിനെതിരായ കേസില്‍ പൊലീസില്‍ ഭിന്നത; നടപടി ഉടനുണ്ടാവില്ല, സര്‍ക്കാര്‍ പ്രതിരോധത്തില്‍

Jaihind News Bureau
Thursday, December 18, 2025

 

തിരുവനന്തപുരം: കേരളത്തില്‍ തരംഗമായ ‘പോറ്റിയെ കേറ്റിയെ’ എന്ന പാരഡി ഗാനത്തിനെതിരെ കേസെടുത്ത നടപടിയില്‍ പൊലീസിനുള്ളില്‍ ഭിന്നത രൂക്ഷമാകുന്നു. കേസെടുത്ത നടപടി അപഹാസ്യമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയതോടെ വിഷയം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

പാരഡി ഗാനത്തിനെതിരെ കേസെടുത്തെങ്കിലും കടുത്ത നടപടികള്‍ ഉടന്‍ വേണ്ടെന്ന നിലപാടിലാണ് ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥര്‍. ഈ കേസ് കോടതിയില്‍ നിലനില്‍ക്കില്ലെന്ന നിയമോപദേശമാണ് ഈ ഭിന്നതയ്ക്ക് കാരണം. പ്രതി ചേര്‍ത്തവര്‍ക്ക് നോട്ടീസ് നല്‍കി വിളിച്ചുവരുത്താനും, ഗാനം പ്രചരിക്കുന്ന സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ നിന്ന് അത് നീക്കം ചെയ്യാനുമാണ് നിലവിലെ തീരുമാനം.

അതിനിടെ, പാരഡി ഗാനത്തിനെതിരെ പരാതി നല്‍കിയ പ്രസാദ് കുഴിക്കാലയ്ക്കെതിരെ പുതിയ അന്വേഷണത്തിന് നീക്കം തുടങ്ങി. പ്രസാദ് കുഴിക്കാല സെക്രട്ടറിയായ ‘തിരുവാഭരണ പാത സംരക്ഷണ സമിതി’യെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ കുളത്തൂര്‍ ജയ്‌സിംഗ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഈ പരാതി രജിസ്‌ട്രേഷന്‍ വകുപ്പ് ഐജിക്ക് കൈമാറിയിട്ടുണ്ട്.

വിഷയത്തില്‍ സര്‍ക്കാരിനെയും സിപിഎമ്മിനെയും രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷം വിമര്‍ശിക്കുന്നത്. പാരഡി ഗാനത്തിനെതിരെ കേസെടുക്കുന്നത് തികച്ചും പരിഹാസ്യമാണ്. സിപിഎമ്മും പോലീസും ഈ നടപടിയിലൂടെ സ്വയം അപഹാസ്യരാവുകയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. അധികാരം നഷ്ടപ്പെടുമെന്ന ഭീതി മുഖ്യമന്ത്രിയുടെ സമനില തെറ്റിച്ചിരിക്കുന്നുവെന്ന് കെ സുധാകരന്‍ എം പി പറഞ്ഞു. പാരഡി പാട്ടിന് കേസെടുക്കുന്നതും വ്യാപകമായി ബോംബ് നിര്‍മ്മിക്കുന്നതുമൊക്കെ ഇതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി വാദിക്കുന്നവര്‍ എന്ന് അവകാശപ്പെടുന്ന സിപിഎം, ഒരു പാരഡി ഗാനത്തിനെതിരെ നിയമനടപടിയുമായി രംഗത്തിറങ്ങിയത് ഇരട്ടത്താപ്പാണെന്ന വിമര്‍ശനം ഇതിനകം ശക്തമായിട്ടുണ്ട്.