ഐഷ സുൽത്താനയുടെ ഫോൺ പൊലീസ് പിടിച്ചെടുത്തു; അപ്രതീക്ഷിത നടപടി

Jaihind Webdesk
Friday, June 25, 2021

കവരത്തി : ഐഷ സുൽത്താനയുടെ മൊബൈൽ ഫോൺ കവരത്തി പൊലീസ് പിടിച്ചെടുത്തു. ബയോവെപ്പണ്‍ പരാമര്‍ശത്തിനെതിരായ രാജ്യദ്രോഹക്കേസിൽ  ചോദ്യം ചെയ്യാൻ വിളിച്ചപ്പോഴാണ് പൊലീസ് ഫോൺ പിടിച്ചെടുത്തത്. അന്വേഷണത്തിന്‍റെ ഭാഗമായാണ് മൊബൈൽ ഫോൺ കൈവശം വാങ്ങിയതെന്ന് കവരത്തി പൊലീസ് അറിയിച്ചു. അതേസമയം ഫോണ്‍ നമ്പര്‍ എഴുതിയെടുക്കാനുള്ള സാവകാശം പോലും പൊലീസ് നല്‍കിയില്ലെന്ന് ഐഷ പറഞ്ഞു. ഹൈക്കോടതി ഇന്ന് ഐഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

ജാമ്യം ലഭിച്ച ഇന്നു തന്നെ ഇങ്ങനൊരു പരിപാടി കാണിക്കുമെന്ന് കരുതിയില്ലെന്ന് ഐഷ പ്രതികരിച്ചു. ആരുടെയും ഫോൺ‍ നമ്പർ എഴുതിയെടുക്കാനുള്ള സാവകാശം പോലും  നൽകിയില്ലെന്നും വീട്ടിലേക്കു വിളിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണെന്നും ഐഷ പറഞ്ഞു. കേസിൽ നാലാം തവണയാണ് കവരത്തി പൊലീസ് ഐഷയെ ചോദ്യം ചെയ്തത്.

അതേസമയം ഐഷക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.  ബയോവെപ്പൺ എന്ന പരാമർശം രാജ്യദ്രോഹമോ ഭിന്നിപ്പുണ്ടാക്കുന്നതോ ആയി പരിഗണിക്കാനാകില്ലെന്നും ഐഷ ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയല്ലെന്നും ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി പറഞ്ഞു. ഹൈക്കോടതിയിൽ നിന്നുണ്ടായ വിജയം ദ്വീപ് ജനതയക്ക് വേണ്ടിയുള്ള പോരാട്ടത്തിന് ഊർജം നൽകുമെന്ന് ഐഷ സുൽത്താന പ്രതികരിച്ചു.