നമ്പി നാരായണനെതിരായ പരാമര്‍ശം: സെന്‍കുമാറിനെതിരെ കേസെടുക്കാന്‍ നീക്കം; പോലീസ് നിയമോപദേശം തേടി

പദ്മ പുരസ്‌ക്കാരം ലഭിച്ച മുൻ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ നമ്പി നാരായണനെതിരെ രൂക്ഷവിമർശനം നടത്തിയ മുൻ സംസ്ഥാന പൊലീസ് മേധാവി ടി.പി സെൻകുമാറിനെതിരെ കേസെടുക്കാനാകുമോയെന്ന് പൊലീസ് നിയമോപദേശം തേടി. ഡി.ജി.പിക്ക് ലഭിച്ച പരാതിയിലാണ് നിയമോപദേശം തേടിയത്. കോഴിക്കോട് സ്വദേശിയായ പൊതുപ്രവർത്തകനാണ് ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയത്. ഡി.ജി.പി പരാതി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറിയിരുന്നു.

പദ്മ പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ പത്രസമ്മേളനം വിളിച്ചാണ് നമ്പി നാരായണനെ അപമാനിക്കുന്ന തരത്തില്‍ സെന്‍കുമാര്‍ പ്രസ്താവന നടത്തിയത്. നമ്പിനാരായണന് പദ്മ നല്‍കുന്നത് അമൃതില്‍ വിഷം കലര്‍ത്തിയതു പോലെയാണ് എന്നായിരുന്നു സെന്‍ കുമാറിന്‍റെ പരാമർശം. മനുഷ്യന് ഗുണമുണ്ടാകുന്ന പല കണ്ടുപിടിത്തങ്ങളും നടത്തിയ പലർക്കും  പുരസ്കാരം നല്‍കുന്നില്ലെന്നും സെന്‍കുമാര്‍ ആരോപിച്ചു.

എന്നാല്‍ സെൻകുമാർ യഥാർഥത്തിൽ മറുപടി അർഹിക്കുന്നില്ലെന്ന് നമ്പി നാരായണന്‍ പ്രതികരിച്ചു. സെൻകുമാർ പറയുന്നതെല്ലാം അബദ്ധമാണ്. ചാരക്കേസ് കോടതി എന്നെ കുറ്റവിമുക്തനാക്കിയതാണെന്നും സെന്‍കുമാര്‍ ആരുടെ ഏജന്‍റാണ് എന്നറിയില്ലെന്നും നമ്പി നാരായണന്‍ പ്രതികരിച്ചു.

nambi narayananTP Senkumar
Comments (0)
Add Comment