ശബരിമലയിൽ ഇതുവരെ പോലീസും സ്വാമിയായിരുന്നു. എന്നാൽ ഇനി മുതൽ ചട്ടങ്ങൾ അക്ഷരംപ്രതി പാലിച്ച് കർക്കശക്കാരായ ഉദ്യോഗസ്ഥരായ് മാത്രമായിരിക്കണം പോലീസ് ശബരിമലയില്‍ ഉണ്ടാകേണ്ടതെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശം.
കാലങ്ങൾക്ക് ശേഷം കീഴ്‍വഴക്കങ്ങൾ മാറ്റിയുള്ള രീതിയോട് സേനയില്‍തന്നെ പലര്‍ക്കും അമര്‍ഷമുണ്ട്. സംഘർഷസ്ഥലത്ത് നടത്തുന്നത് പോലുള്ള പൊലീസ് വിന്യാസമാണ് ശബരിമലയിലും പരിസരത്തും നടത്തുന്നത്. സോപാനത്തിന് കീഴെ ഡ്രസ് കോഡ് നിർബന്ധമാണ്. സംഘര്‍ഷ സ്ഥലങ്ങളിലേതുപോലെ തന്നെ ഷീൽഡും, ലാത്തിയും, ഹെൽമറ്റും കരുതണം. ഉന്നത ഉദ്യോഗസ്ഥരെ കണ്ടാൽ സല്യൂട്ട് ചെയ്യണം. ‘സ്വാമി’ എന്നല്ല, ‘സർ’ എന്ന് തന്നെ സംബോധന ചെയ്യണമെന്നും പൊലീസുകാർക്ക് നിർദേശമുണ്ട്.
സന്നിധാനത്തടക്കം തൊപ്പിയടക്കം ധരിച്ച് ഇൻഷെർട്ട് ചെയ്തിരിക്കണം. ഇതു വരെ ശബരിമലയിൽ മാത്രം പതിവില്ലാത്ത സല്യൂട്ടും നിർബന്ധം. പതിനെട്ടാം പടിയ്ക്ക് താഴെ മുതൽ ബൂട്ടും ഷീൽഡും ഹെൽമെറ്റുമെല്ലാം നിർബന്ധമാക്കി. ഇത്തരം പുത്തൻ രീതികളോട് സേനയിൽ തന്നെയുള്ള പലർക്കും അമർഷമുണ്ട്.
ശബരിമല ഡ്യൂട്ടി ചോദിച്ചു വാങ്ങിയെത്തിയിരുന്ന ഉദ്യോഗസ്ഥർ പോലും യുവതീ പ്രവേശന വിധിയിൽ പ്രതിഷേധിച്ച് അവധിയിൽ പ്രവേശിച്ചതിന് പിന്നാലെ, പുത്തൻ പരിഷ്‌കാരം കൂടി ആയതോടെ കടുത്ത അതൃപ്തിയിലാണ്. ശബരിമലയിലെ ഭക്തി സാന്ദ്രമായ അന്തരീക്ഷം മാറ്റിമറിച്ച് ഭീകരമായ യുദ്ധാന്തരീക്ഷം സൃഷ്ടിക്കാൻ മാത്രമെ ഇത്തരം പരിഷ്‌കാരങ്ങൾ വഴി തെളിക്കൂ എന്നാണ് പോലീസുകാർക്കിടയിൽ പോലും ഉയരുന്ന ആക്ഷേപം.