കളിയിക്കാവിള കൊലപാതകത്തിൽ പ്രതികളുടെ സംഘത്തിൽ 17 പേരെന്ന് പോലീസ്. ഡൽഹിയിലും കർണാടകത്തിലുമാണ് കൊലപാതകത്തിന്റെ ആസൂത്രണം നടന്നത്. ഇതിൽ മൂന്നുപേർക്ക് ചാവേറാകാൻ പരിശീലനം ലഭിച്ചെന്നും പോലീസ് കണ്ടെത്തി. തമിഴ്നാട് പോലീസിന് കൈമാറിയ പ്രതികളെ ഇന്ന് കളിയിക്കാവിളയിൽ എത്തിക്കും.
തമിഴ്നാട് ക്യൂ ബ്രാഞ്ച് ഉടുപ്പിയിലെ രഹസ്യകേന്ദ്രത്തിൽ വെച്ച് പ്രതികളെ ചോദ്യം ചെയ്തതിലൂടെയാണ് സംഭവത്തിൽ 17 പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചത്. ഇവരിൽ മൂന്ന് പേർക്ക് ചാവേറാക്രമണത്തിന് പരിശീലനം ലഭിച്ചിരുന്നുവെന്നും അറസ്റ്റിലായ മുഖ്യപ്രതികളായ തൗഫീഖും ഷമീമും തമിഴ്നാട് ക്യൂബ്രാഞ്ചിന് മൊഴി നൽകിയത്. 17 പേർ കർണാടകയിലും ഡൽഹിയിലുമായി തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഗൂഢാലോചന നടത്തിയെന്നും പോലീസ് ചോദ്യം ചെയ്യലിൽ പ്രതികൾ വെളിപ്പെടുത്തി.
അൽ-ഉമ്മ എന്ന സംഘടനയെ തീവ്രവാദ പ്രവർത്തനങ്ങളുടെ പേരിൽ കേന്ദ്രസർക്കാർ നിരോധിച്ചതോടെ, തമിഴ്നാട് നാഷണൽ ലീഗ് എന്ന പേരിലാണ് പ്രവർത്തിച്ചിരുന്നത്. ഈ സംഘടനയുടെ മറവിലാണ് അറസ്റ്റിലായ പ്രതികളും പ്രവർത്തിച്ചിരുന്നത്. പ്രതികൾക്ക് തോക്ക് ലഭിച്ചതുമായി ബന്ധപ്പെട്ടും വിശദമായ അന്വേഷണം നടക്കുന്നുണ്ട്. മുംബൈയിൽ വെച്ചാണ് തോക്ക് ലഭിച്ചതെന്ന് വിവരമുണ്ട്. തുടർന്ന് പ്രതികളെ തമിഴ്നാട് പോലീസിനു കർണാടക പോലീസ് വിട്ടു നൽകി. അതേ സമയം പ്രതികളുടെ കേരളത്തിലെ ബന്ധവും അന്വേഷിക്കാൻ നിർദ്ദേശം നൽകി.