P.K ശശിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ KSU മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം

Jaihind Webdesk
Tuesday, September 18, 2018

പാലക്കാട്: പി.കെ ശശി എം.എൽ.എയുടെ  ചെർപ്പുളശേരിയിലെ ഓഫീസിലേക്ക് മാർച്ച് നടത്തിയ കെ.എസ്.യു പ്രവർത്തകര്‍ക്ക്  പോലീസിന്‍റെ ക്രൂര മര്‍ദനം. സംസ്ഥാന പ്രസിഡൻറ് കെ.എം അഭിജിത്ത് ഉദ്ഘാടന പ്രസംഗം നടത്തിക്കഴിഞ്ഞ ഉടനെയാണ് പോലീസ് ലാത്തി വീശിയത്. സംഘർഷത്തിൽ  സംസ്ഥാന പ്രസിഡൻറ് ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു.

പി.കെ ശശി എം.എൽ.എ രാജിവക്കണമെന്നാവശ്യപ്പെട്ട്  പാലക്കാട് ജില്ലാകമ്മിറ്റിയാണ് ചെർപ്പുളശേരിയിലെ എം.എൽ.എ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. പുത്തനാൽക്കൽ പരിസരത്ത് നിന്നാരംഭിച്ച മാർച്ച് എം.എൽ.എ ഓഫീസിലേക്കെത്തും മുൻപെ പോലീസ് തടഞ്ഞു. പി.കെ ശശിക്കെതിരെ വാ തുറക്കാത്ത സി.പി എമ്മും ഇടതു പക്ഷ സംഘടനകളും കേസെടുക്കാത്ത പോലീസും സ്വന്തം ജോലി നിർത്തണമെന്ന്  ഉദ്ഘാടന പ്രസംഗത്തിൽ കെ.എം അഭിജിത്ത് പറഞ്ഞു.

കെ.എം അഭിജിത് ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ച് പ്രവർത്തകരെ സമാധാനിപ്പിക്കുന്നതിനിടെയാണ്  പോലീസ് ലാത്തി വീശിയത്. മർദ്ദനത്തിൽ കെ.എം അഭിജിത്തിനും  ജില്ലാ പ്രസിഡൻറ് കെ.എസ് ജയഘോഷിനും ഭാരവാഹികളായ പി.ടി അജ്മൽ, ഷാഫി കാരക്കാട്, അനസ്, ഷാഫി, സിറാജ് തെക്കത്ത് തുടങ്ങിവർക്കും ലാത്തിചാർജ്ജിൽ പരിക്കേറ്റു. പരിക്കേറ്റവരെയും കൊണ്ടുവന്ന ചെർപ്പുളശേരിയിലെ സർക്കാർ ആശുപത്രി വളപ്പിലേക്ക് ഓടികയറിയും പോലീസ് മര്‍ദനം തുടർന്നു.

സി.പി.എമ്മുകാരായ പോലീസുകാരെ ഇറക്കി മനപൂർവം അക്രമം അഴിച്ചുവിടുകായായിരുന്നെന്നും ശശി വക്താക്കളായി പോലീസ് മാറിയെന്നും കെ.പി.സി.സി സെക്രട്ടറി സി ചന്ദ്രൻ പറഞ്ഞു.

പോലീസ് ലാത്തിചാർജിൽ പ്രതിഷേധിച്ച് നാളെ പാലക്കാട് ജില്ലയിൽ പഠിപ്പ് മുടക്കാനും, സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനം നടത്താനും കെ.എസ്.യു സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.