‘ഇത് തീവ്ര വലതുപക്ഷ സര്‍ക്കാര്‍; പൊലീസ് ക്രൂരതയ്ക്ക് മുഖ്യമന്ത്രി മാപ്പ് പറയണം’: വി.ഡി. സതീശന്‍

Jaihind News Bureau
Friday, December 19, 2025

 

തിരുവനന്തപുരം: കേരളത്തില്‍ നടക്കുന്നത് കേട്ടുകേള്‍വി പോലുമില്ലാത്ത പൊലീസ് ക്രൂരതയാണെന്നും ഇതിന് ഉത്തരവാദിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പൊലീസ് ജനങ്ങളെ ശത്രുക്കളെപ്പോലെയാണ് കാണുന്നത്. ക്രിമിനലുകളായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ പോലും ക്രിമിനലുകളില്‍ നിന്ന് കൈക്കൂലി വാങ്ങുന്ന അവസ്ഥയിലേക്ക് പൊലീസ് അധഃപതിച്ചു. പൊലീസിലെ ക്രിമിനലുകളെ സംരക്ഷിക്കുന്നത് സി.പി.എമ്മാണ്. ക്രൂരമായ മര്‍ദ്ദനം നടന്നിട്ടും അറിഞ്ഞില്ലെന്ന് പറയുന്ന മുഖ്യമന്ത്രി എന്തിനാണ് ആ സ്ഥാനത്ത് ഇരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇത് ഇടതുപക്ഷ സര്‍ക്കാരല്ല, മറിച്ച് തീവ്ര വലതുപക്ഷ സര്‍ക്കാരാണെന്നും അദ്ദേഹം പരിഹസിച്ചു.

ഒരു പാട്ടുപോലും സഹിക്കാനുള്ള മനസ്സ് സര്‍ക്കാരിനില്ല. ‘പോറ്റിയെ കേറ്റിയെ’ എന്ന ഗാനത്തിനെതിരെ കേസെടുത്തത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവും ഭരണഘടനാ ലംഘനവുമാണ്. എം. സ്വരാജ് ശബരിമലയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളില്‍ ആര്‍ക്കും വിശ്വാസം വ്രണപ്പെട്ടില്ലേ എന്ന് അദ്ദേഹം ചോദിച്ചു. കേസെടുത്ത് ആരെയും പേടിപ്പിക്കേണ്ടെന്നും നല്ല കമ്മ്യൂണിസ്റ്റുകാര്‍ പോലും ഈ പാട്ട് പാടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗാനത്തിന് പിന്നിലുള്ളവര്‍ക്ക് പ്രതിപക്ഷം നിയമപരമായും രാഷ്ട്രീയപരമായും പൂര്‍ണ്ണ സംരക്ഷണം നല്‍കും.

ബ്രൂവറി അഴിമതിയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നതായും പ്രതിപക്ഷം അന്ന് ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് കോടതിയുടെ നിരീക്ഷണങ്ങളെന്നും വി ഡി സതീശന്‍ പറഞ്ഞു. പദ്ധതിക്ക് പിന്നില്‍ വലിയ തോതിലുള്ള അഴിമതി നടന്നു. എക്‌സൈസ് മന്ത്രിയുടെ കറുത്ത കൈകള്‍ ഇതിന് പിന്നിലുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു.