മോദി സര്‍ക്കാരിനെതിരായ കര്‍ഷക മാര്‍ച്ചില്‍ പോലീസ് അതിക്രമം

Tuesday, October 2, 2018

നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്ക് എതിരെ ഭാരതീയ കിസാന്‍ യൂണിയന്‍റെ നേതൃത്വത്തില്‍ കര്‍ഷകര്‍ നടത്തിയ റാലിയില്‍ സംഘര്‍ഷം. മാര്‍ച്ച് യു.പി-ഡല്‍ഹി അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു. ഡല്‍ഹിയിലേക്ക് പ്രവേശിക്കാന്‍ കാത്തുനില്‍ക്കുകയായിരുന്ന പ്രതിഷേധക്കാരെയാണ് പൊലീസ് തടഞ്ഞത്.

സമാധാനപരമായി നീങ്ങിയ റാലിക്ക് നേരെ പോലീസ് നിരവധി റൗണ്ട് കണ്ണീർ വാതക ഷെല്ലുകളും ജലപീരങ്കിയും പ്രയോഗിച്ചു. എന്നിട്ടും പിൻമാറാൻ തയാറാകാതിരുന്ന കർഷകർക്ക് നേരെ പൊലീസ് ലാത്തി വീശി.

സെപ്റ്റംബര്‍ 23ന് ഹരിദ്വാറില്‍ നിന്ന് തുടങ്ങിയ മാര്‍ച്ചില്‍ എഴുപതിനായിരത്തോളം കര്‍ഷകര്‍ അണിനിരന്നു. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളണം, കര്‍ഷിക വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിക്കണം, ചെറുകിട കര്‍ഷകരെ സഹായിക്കണം തുടങ്ങിയ 21 ആവശ്യങ്ങള്‍ ഉന്നയിച്ച് കിസാന്‍ ക്രാന്തി പദയാത്ര എന്ന പേരിലായിരുന്നു മാര്‍ച്ച്.

കിസാന്‍ ക്രാന്തി പദയാത്രയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കിഴക്കന്‍ ഡല്‍ഹിയില്‍ ഒക്‌ടോബര്‍ എട്ടുവരെയും വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഒക്‌ടോബര്‍ നാലു വരെയുമാണ് നിരോധനാജ്ഞ.