സിഐയെ സസ്പെന്‍റ് ചെയ്യണമെന്ന് കോൺഗ്രസ് ; പ്രതിഷേധിച്ച നേതാക്കള്‍ക്ക് നേരെ പൊലീസ് അതിക്രമം ; എംഎല്‍എമാർക്ക് മർദ്ദനം

Jaihind Webdesk
Wednesday, November 24, 2021

കൊച്ചി : ആലുവയിലെ ബിരുദ വിദ്യാർത്ഥിനി മോഫിയ പര്‍വീണിന്‍റെ ആത്മഹത്യക്കേസില്‍ ആരോപണ വിധേയനായ സിഐ സുധീര്‍ കുമാറിനെ സ്ഥലം മാറ്റി. എന്നാൽ സ്ഥലം മാറ്റം അംഗീകരിക്കില്ലെന്നും സി.ഐയെ സസ്പെന്‍റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് അൻവർ സാദത്ത് എംഎൽഎയും ബെന്നി ബെഹന്നാൻ എംപിയും ആലുവ പോലീസ് സ്റ്റേഷനിൽ നടത്തുന്ന കുത്തിയിരിപ്പ് സമരത്തിന് നേരെ പോലീസ് അതിക്രമം. നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു.

മോഫിയ പർവീണിന്‍റെ ആത്മഹത്യ കുറിപ്പിൽ പേര് പരാമർശിച്ച സിഐ സുധീറിനെതിരെ നടപടി ആവശ്യപ്പെട്ടാണ് രാവിലെ 9.30 മുതൽ ആലുവ പോലീസ് സ്റ്റേഷന് മുന്നിൽ അൻവർ സാദത്ത് എം.എൽ.എ ബെന്നി ബെഹന്നാൻ എം.പി എന്നിവർ സമരം തുടങ്ങിയത്. സമരം ആരംഭിച്ചതോടെ നിരവധി കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരും സ്റ്റേഷനിലേക്കെത്തി. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. അതിന് ശേഷം സിഐയുടെ കോലം കത്തിച്ച് സ്റ്റേഷൻ ഗേറ്റ് ഉപരോധിച്ചിട്ടും പൊലീസ് പ്രവർത്തകരെ മാറ്റാൻ തയ്യാറായില്ല. അതിന് ശേഷം ഡിഐജിയും എസ്പിയും എത്തിയ വാഹനവും പ്രവർത്തകർ തടഞ്ഞു.തുടർന്ന് പോലീസ് സ്റ്റേഷനകത്ത് ജനപ്രതിനിധികളുമായി പൊലീസ് ഉദ്യോഗസ്ഥർ ചർച്ച നടത്തിയിട്ടും നടപടിയുടെ കാര്യത്തിൽ തീരുമാനമായില്ല.

തുടർന്ന് മൂന്ന് മണിയോടെ ആലുവ ഡിവൈഎസ്പി പികെ ശിവൻകുട്ടി സിഐയെ സ്ഥലം മാറ്റിയത് നേതാക്കളെ അറിയിച്ചതാടെ പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധം ആരംഭിച്ചു.അതോടെയാണ് പോലീസ് ബലപ്രയോഗം ആരംഭിച്ചത്. ജനപ്രതിനിധികളും പൊലീസും തമ്മിൽ സംഘർഷമുണ്ടായിപിടിച്ചു ബെന്നി ബെഹന്നാൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും താഴെ വീണു. എംഎൽഎമാരായ അൻവർസാദത്തിന്‍റെ വാച്ചും റോജി എം ജോണിന്‍റെ ഫോണും നഷ്ടപ്പെട്ടു. നിരവധി പ്രവർത്തകരെ പൊലീസ് വലിച്ചിഴച്ച് ക്യാമ്പിലേക്ക് മാറ്റി. എന്നാൽ തങ്ങൾ ഉന്നയിച്ച ആവശ്യത്തിൽ തീരുമാനമാകാതെ പിന്നോട്ടില്ലന്ന ഉറച്ച നിലപാടിൽ തന്നെയാണ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും.