പുനലൂരിൽ നടുറോഡിൽ പോലീസ് അതിക്രമം

Jaihind Webdesk
Monday, December 17, 2018

Kollam-Police-Atrocity

കൊല്ലം പുനലൂരിൽ നടുറോഡിൽ പോലീസ് അതിക്രമം. കഴിഞ്ഞ ദിവസം രാത്രിയിലാണ് യുവാക്കളും പോലീസും തമ്മിൽ നഗരമധ്യത്തിൽ സംഘർഷമുണ്ടായത്. അതേ സമയം മർദ്ദിച്ചത് സിനിമാ തീയറ്ററിൽ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ വരെയെന്നാണ് പോലീസ് പറയുന്നത്.

പുനലൂരിൽ ദേശീയ പാതയ്കരികിലെ പ്രമുഖ തീയറ്ററിനു മുന്നിലാണ് പോലീസും ഒരു സംഘം യുവാക്കളും തമ്മിൽ സംഘർഷമുണ്ടായത്. ഇടമൺ സ്വദേശികളായ യുവാക്കളും എസ്.ഐ രാജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവുമാണ് ഗുണ്ടാസംഘങ്ങളെ പോലെ തെരുവിൽ ഏറ്റുമുട്ടിയത്. മുഖം മറച്ചായിരുന്നു ചില പോലീസുകാരുടെ നടുറോഡിലെ അഴിഞ്ഞാട്ടം.

ജീപ്പിൽ കയറ്റിയ ശേഷവും തുടർന്ന് സ്റ്റേഷനിലെത്തിച്ചും എസ്ഐ രാജീവിന്റെ നേതൃത്വത്തിൽ മർദ്ദനം തുടർന്നുവെന്നാണ് ആക്ഷേപം.

അതേസമയം മദ്യലഹരിയിൽ തീയറ്ററിൽ പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് മാനേജർ വിവരമറിയിച്ചിട്ടാണ് പോലീസ് സ്ഥലത്തെത്തിയതെന്നും കസ്റ്റഡിയിലെടുത്തവരെ ഉടൻ തന്നെ വിട്ടയച്ചെന്നുമാണ് പോലീസ് പറയുന്നത്. നടു റോഡിൽ യുവാവിനെ മർദ്ദിച്ച കേസിൽ ഇതിന് മുമ്പും പുനലൂരിലെ പോലീസ് ഉദ്യോഗസ്ഥർ അച്ചടക്ക നടപടിയ്ക്ക് വിധേയരായിട്ടുണ്ട്. വാഹന പരിശോധന ചിത്രീകരിച്ച മാധ്യമ പ്രവർത്തകർക്ക് നേരെ അശ്ലീല പ്രയോഗം നടത്തി വിവാദത്തിലായ എസ്.ഐയും പുനലൂർ സ്റ്റേഷനിലെയായിരുന്നു.