ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ ഘടകത്തിൽ പൊട്ടിത്തെറി. ഷൊർണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ വനിതാ നേതാവ് രാജിവെച്ചു. ഡി.വൈ.എഫ്.ഐയുടെ ജില്ലാ കമ്മിറ്റി അംഗത്വവും ഭാരവാഹിത്വവും ബ്ലോക്ക് എക്സിക്യൂട്ടീവ് ചുമതലകളില്‍ നിന്നും രാജിവെക്കുന്നതായി കാട്ടിയാണ് വനിതാ നേതാവ് നേതൃത്വത്തിന് കത്ത് നല്‍കിയത്. ശശി പക്ഷത്തിന് മേല്‍ക്കൈ ഉറപ്പിക്കുന്ന പുനഃസംഘടനയില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചന.
പീഡന പരാതിയിൽ നടപടി ആവശ്യപ്പെട്ട് തനിക്കൊപ്പം നിന്നവരെ സംഘടനയില്‍ തരംതാഴ്ത്തിയതിൽ പ്രതിഷേധിച്ചാണ് യുവ വനിതാ നേതാവ് രാജിവെച്ചത്. ഇതോടെ പാലക്കാട് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയിൽ വലിയ തോതിലുള്ള വിഭാഗീയതയാണ് ഉടലെടുത്തിരിക്കുന്നത്. ആരോപണ വിധേയനായ പി.കെ ശശിയെ പാർട്ടി സംരക്ഷിക്കുന്നതിലും, തനിക്കൊപ്പം നിലപാടെടുത്തവരെ തരംതാഴ്ത്തിയതിലും പ്രതിഷേധിച്ചാണ് രാജി.
പാലക്കാട് ഡി.വൈ.എഫ്.ഐയിലെ അഴിച്ചുപണിക്ക് പിന്നാലെയാണ് വനിതാ നേതാവിന്‍റെ രാജി. ശശി പക്ഷത്തിന് ഡി.വൈ.എഫ്.ഐ പാലക്കാട് ഘടകത്തില്‍ സ്വാധീനം ഉറപ്പിക്കുന്നതാണ് പുനഃസംഘടന. യുവതിക്കെതിരെ നിലപാട് സ്വീകരിച്ചവരെ സംഘടനയുടെ തലപ്പത്തേക്ക് എത്തിക്കുകയാണ് പുനഃസംഘടനയിലൂടെ ചെയ്തത്. പെണ്‍കുട്ടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ശശിക്കെതിരെ നിലപാടെടുത്തവരെ തരംതാഴ്ത്തുകയും ചെയ്തു. ടി.എം ശശിയാണ് പുതിയ ജില്ലാ സെക്രട്ടറി. പി.പി സുമോദിനെ ജില്ലാ പ്രസിഡന്‍റായും തെരഞ്ഞെടുത്തു. ആരോപണവിധേയനെ സംരക്ഷിക്കുന്നവർക്കൊപ്പം തുടർന്നുപോകാനാവില്ലെന്ന് നിലപാട് വ്യക്തമാക്കിയാണ് വനിതാ നേതാവിന്‍റെരാജി.