‘എറിഞ്ഞവന് എറിഞ്ഞെന്നും കൊണ്ടവന് കൊണ്ടെന്നും ഒരു ഫീലിംഗുമില്ലാത്ത തിരുവനന്തപുരം വേൾഡ് ട്രേഡ് സെന്‍റർ ബോംബ് സ്ഫോടനം! പ്രതിയെ കിട്ടിയാല്‍ ഇതിന്‍റെ ടെക്നോളജി ഒന്ന് ചോദിച്ചു മനസിലാക്കണം: പരിഹസിച്ച് അബ്ദുറബ്ബ്

Jaihind Webdesk
Monday, July 4, 2022

എകെജി സെന്‍റര്‍ സംഭവത്തില്‍ സര്‍ക്കാരിനും കേരള പോലീസിനുമെതിരെ രൂക്ഷമായ പരിഹാസവുമായി മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബ്. യതാർത്ഥ പ്രതിയെ പിടികൂടാനായാല്‍ ആ പ്രത്യേക തരം ബോംബേറിന്‍റെ രഹസ്യം പോലീസും സർക്കാരും ചോദിച്ച് മനസിലാക്കണം. എറിയാന്‍ അറിയാത്തവനാണെങ്കില്‍ പരിശീലനം കൊടുക്കണം. കൂടുതൽ നാശനഷ്ടങ്ങളുണ്ടാകാതിരിക്കാൻ അര മണിക്കൂർ മുമ്പെ പുറപ്പെട്ട സിപിഎം നേതാക്കളുടെ ഇടപെടല്‍ ചരിത്രത്തിൽ ഇടം നേടുമെന്നും അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചു.

പി.കെ അബ്ദുറപ്പിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

 

എ.കെ.ജി സെൻ്ററിന് ബോംബെറിഞ്ഞ
യഥാർത്ഥ പ്രതിയെ പിടികൂടിയാൽ
പോലീസിനും സർക്കാറിനും ചെയ്യാനാവുന്ന ചില കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്തുകയാണ്.

അധികം ഒച്ചയും, ബഹളവുമില്ലാതെ,
തീരെ നാശനഷ്ടങ്ങളും വരുത്താതെയുള്ള
ഇത്തരം ബോംബേറിൻ്റെ സാങ്കേതിക വിദ്യകൾ അവനിൽ നിന്നും ചോദിച്ചു മനസ്സിലാക്കണം.

അതല്ല, നേരാം വണ്ണം ബോംബെറിയാനുള്ള
സിദ്ധി നേടാത്ത ഒരാളാണ് അവനെങ്കിൽ
പോലീസ് സ്റ്റേഷനിൽ വെച്ചും ബോംബുണ്ടാക്കാൻ ശേഷിയുള്ളവർ
അവന് നല്ല പരിശീലനം നൽകണം.

എറിഞ്ഞവന് എറിഞ്ഞുവെന്നും, ഏറു കൊണ്ടവർക്ക് കൊണ്ടു എന്നും ഒരു ഫീലിംഗുമില്ലാത്ത ലോകത്തിലെ ആദ്യത്തെ ബോംബ് സ്ഫോടനമായി തിരുവനന്തപുരം വേൾഡ് ട്രേഡ് സെൻ്റർ ബോംബ് സ്ഫോടനം അറിയപ്പെടും. കൂടുതൽ നാശനഷ്ടങ്ങളുണ്ടാകാതിരിക്കാൻ അര മണിക്കൂർ മുമ്പെ പുറപ്പെട്ട സി.പി.എം നേതാക്കളുടെ ഇടപെടലും ചരിത്രത്തിൽ ഇടം നേടും.