പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ജോയ്സ് ജോർജ്ജ് എംപി ജനങ്ങളെ കബളിപ്പിച്ചതായി കേരളാ കോൺഗ്രസ്-എം. വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് എംഎൽഎ. യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്‍റെ കോതമംഗലം നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
5200 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഇടുക്കി പാർലമെന്‍റ് മണ്ഡലത്തിൽ നടത്തിയെന്നാണ് എം.പി പ്രചരിപ്പിക്കുന്നത്. എന്നാൽ ഇതെല്ലാം ഫ്ളക്സ് ബോർഡുകളിൽ മാത്രം ഒതുങ്ങിയിരിക്കുകയാണെന്ന് പി.ജെ ജോസഫ് എംഎൽഎ കുറ്റപ്പെടുത്തി. വലിയ അവകാശവാദങ്ങൾ പറഞ്ഞു കൊണ്ടു നടക്കുന്നതല്ലാതെ ഒന്നും നടപ്പാക്കാൻ എംപിക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
കസ്തൂരിരംഗൻ റിപ്പോർട്ടിൽ യുഡിഎഫ് സർക്കാരിന്‍റെ നിർദ്ദേശങ്ങളാണ് കരട് വിജ്ഞാപനമായി പുറത്തിറങ്ങിയത്. എന്നാൽ ജോയ്സ് ജോർജ്ജ് എംപിയും മുഖ്യമന്ത്രിയും ഇത് തങ്ങളുടെ നേട്ടമായി വ്യാജ പ്രചരണം നടത്തുകയാണ്. നവകേരള സൃഷ്ടിയിൽ സർക്കാർ പകച്ചു നിൽക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം പ്രളയം ഉണ്ടായി ഏഴു മാസം പിന്നിട്ടും സംസ്ഥാന സർക്കാരിന്‍റെ നവോത്ഥാനം നടപ്പാക്കാനായിട്ടില്ലെന്നും പരിഹസിച്ചു.യോഗത്തിൽ യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ പി.കെ സജീവ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് നേതാക്കളായ വി.ഡി സതീശൻ, പി.സി വിഷ്ണുനാഥ് തുടങ്ങിയവർ പ്രസംഗിച്ചു