ജോയ്‌സ് ജോർജിനെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് തള്ളി കോടതി; തുടരന്വേഷണത്തിന് ഉത്തരവ്

Jaihind Webdesk
Tuesday, July 9, 2019

കൊട്ടാക്കാമ്പൂർ ഭൂമി തട്ടിപ്പ് കേസിൽ മുൻ എം.പി. ജോയ്‌സ് ജോർജിനെ കുറ്റവിമുക്തനാക്കി പോലീസ് നൽകിയ റിപ്പോർട്ട് തള്ളി കോടതി. തൊടുപുഴ ജില്ലാ സെഷൻസ് കോടതിയാണ് കേസ് തള്ളിയത്. തുടരന്വേഷണത്തിനും കോടതി ഉത്തരവിട്ടു.

കൊട്ടാക്കൊമ്പൂർ വില്ലേജിൽ ബ്ലോക്ക് 58ൽ പെട്ട 23 ഏക്കർ ഭൂമി തമിഴ് പട്ടികജാതിക്കാരായ ഏഴു പേരുടെ പേരിൽ വ്യാജരേഖ ചമച്ച് ജോയ്‌സ് ജോർജും പിതാവും സഹോദരങ്ങളും ചേർന്ന് തട്ടിയെടുത്ത കേസിലാണ് പോലീസ് അന്വേഷണ റിപ്പോർട്ട് കോടതി തള്ളിയത്. പട്ടികജാതിക്കാരുടെ ഭൂമി തട്ടിയെടുത്തു എന്ന് കാണിച്ച് പൊതുപ്രവർത്തകരായ മുകേഷ് മോഹനൻ, എൻ.കെ ബിജു എന്നിവർ നൽകിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുകയാണ്.

അതേസമയം, പട്ടികജാതിക്കാരെ കബളിപ്പിച്ചതിന്‍റെ പേരിൽ പട്ടികജാതി പട്ടികവർഗ്ഗ പീഡന വിരുദ്ധ നിയമ പ്രകാരം ജോയ്‌സ് ജോർജിനെതിരെ അന്വേഷിച്ച് കേസെടുക്കണമെന്ന കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നാർ ഡി.വൈ.എസ്.പി.യുടെ അന്വേഷണ റിപ്പോർട്ട്. മുൻ എം.പി.യെയും കുടുംബത്തെയും കുറ്റവിമുക്തമാക്കി ഭരണസ്വാധീനത്തിൽ നൽകിയ റിപ്പോർട്ടാണ് കോടതി തള്ളുകയും പുനരന്വേഷണത്തിന് നിർദ്ദേശിക്കുകയും ചെയ്തത്. ഭൂമി സംബന്ധമായ മറ്റ് കേസുകൾ ഹൈക്കോടതിയിലും ദേവികുളം സബ്ബ് കളക്ടറുടെ പരിഗണനയിലുമാണ്. ക്രിമിനൽ കേസ് സംബന്ധമായിട്ടുള്ള റിപ്പോർട്ടാണ് കോടതി തള്ളിയത്.