പി.ജെ.ജോസഫിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

Jaihind Webdesk
Tuesday, January 15, 2019

പി.ജെ.ജോസഫിനെതിരെ പിണറായി വിജയൻ. തൊടുപുഴയിൽ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ നിന്ന് വിട്ടുനിന്നതിന് പിജെ ജോസഫ് എംഎൽഎയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി. രണ്ട് മന്ത്രിമാർ പങ്കെടുത്ത ചടങ്ങിൽ അധ്യക്ഷനാക്കിയില്ലെന്ന് കാണിച്ച് വിട്ടുനിന്നത് മാന്യതയായില്ലെന്ന് പിണറായി പറഞ്ഞു. അതേസമയം പരിപാടിയിൽ പങ്കെടുക്കില്ലെന്ന്നേരത്തെ തന്നെഅറിയിച്ചിരുന്നെന്നും മറിച്ചുള്ളവാദങ്ങൾ ശരിയല്ലെന്നും കേരള കോൺഗ്രസ് എം പ്രതികരിച്ചു.

തൊടുപുഴയിലെ വിജിലൻസ് ഓഫീസ്പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനത്തെ ചൊല്ലിയാണ് വിവാദം. പരിപാടിയിലേക്ക് അധ്യക്ഷനായി തെരഞ്ഞെടുത്തത് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനെ. ഉദ്ഘാടകനായി മുഖ്യമന്ത്രിയെയും നിശ്ചയിച്ചു. ചടങ്ങിലേക്ക് വൈദ്യുതി മന്ത്രി എം എം മണിയെയും ക്ഷണിച്ചിരുന്നു. എന്നാൽ അവസാന നിമിഷം ചടങ്ങിന് എത്താനാകില്ലെന്ന് മന്ത്രി ജി.സുധാകരൻ അറിയിച്ചു. ഇതോടെ പ്രോട്ടോകാൾ പ്രകാരം മന്ത്രി എം എം മണിയെ അധ്യക്ഷനാക്കി. ഇതിൽ പ്രതിഷേധിച്ച് സ്ഥലം എംഎൽഎ പി ജെ ജോസഫ് ചടങ്ങിൽ പങ്കെടുത്തില്ലെന്നും ഇത് ശരിയായില്ലെന്നും മുഖ്യമന്ത്രി തൊടുപുഴയിലെ എൽഡിഎഫ് റാലിയിൽ പറഞ്ഞു.

മറ്റ് തിരക്കുകളുള്ളതിനാൽ വിജിലൻസ് ഓഫീസ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പി ജെ ജോസഫ് സംഘാടകരെ അറിയിച്ചിരുന്നെന്നും മുഖ്യമന്ത്രി പ്രസ്താവന നടത്താനുണ്ടായ സാഹചര്യത്തെ കുറിച്ച് അറിയില്ലെന്നും കേരള കോൺഗ്രസ് എം പ്രതികരിച്ചു. പിജെ ജോസഫിന്‍റെ മണ്ഡലത്തിൽ വന്ന് എംഎൽഎയെ അപമാനിക്കുന്ന വിധത്തിൽ മുഖ്യമന്ത്രി പ്രസംഗിച്ചതിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നതിനെ കുറിച്ച് പാർട്ടി ആലോചിക്കുന്നുണ്ട്.