തിരുവനന്തപുരം: വണ്ടിചെക്ക് കേസില്‍ അറസ്റ്റിലായ എന്‍.ഡി.എ സംസ്ഥാന കണ്‍വീനറും ബി.ഡി.ജെ.എസ് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ മിന്നല്‍ വേഗത്തിലെ ഇടപെടല്‍ വിവാദമാകുന്നു. യു.എ ഇയില്‍ അറസ്റ്റിലായ തുഷാറിന്റെ ആരോഗ്യാവസ്ഥയില്‍ ആശങ്കയറിയിച്ചും നിയമസഹായം ലഭ്യമാക്കണമെന്നഭ്യര്‍ത്ഥിച്ചും മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രിയുമായി ബന്ധപ്പെടുകയായിരുന്നു. തുഷാറിന്റെ അറസ്റ്റില്‍ പ്രതികരിക്കാന്‍ ബി.ജെ.പി നേതൃത്വം പോലും തയ്യാറാകാത്ത ഘട്ടത്തിലായിരുന്നു പിണറായി വിജയന്റെ ഇടപെടല്‍. കേരളത്തില്‍ ബി.ജെ.പിയുടെ വളര്‍ച്ച തടയുമെന്ന് വീമ്പിളക്കുന്നവര്‍ തന്നെ എന്‍.ഡി.എ കണ്‍വീനര്‍ക്കുവേണ്ടിയുള്ള ഇടപെടല്‍ നടത്തിയതെന്നത് വിരോധാഭാസമായി.
വിദേശ രാജ്യങ്ങളില്‍ ഇതിന് മുമ്പും പല മലയാളികളും സാമ്പത്തിക തട്ടിപ്പ് കേസില്‍ ഉള്‍പ്പെടുകയോ ജയിലില്‍ കിടക്കേണ്ടിവരികയോ ചെയ്തിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത അടിയന്തര ഇടപെടലാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്ന് സി.പി.എമ്മിന്റെ നേതാക്കള്‍ തന്നെ സമ്മതിക്കുന്നുണ്ട്.
പരസ്യമായി ബി.ജെ.പിയെയും എന്‍.ഡി.എ മുന്നണിയെയും എതിര്‍ക്കണമെന്ന് പറയുമ്പോഴും ഉന്നത നേതാക്കള്‍ ഹൃദയവിശാലതയോടെ സഹായഹസ്തങ്ങളുമായി കൈയുംമെയ്യും മറന്നിറങ്ങുന്നതിനെയാണ് സാധാരണ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുന്നത്. സമുദായ സംഘടനയെന്ന ലേബലില്‍ നിന്ന് എസ്.എന്‍.ഡി.പിയെയും അണികളെയും ആര്‍.എസ്.എസ് പാളയത്തിലും ബി.ജെ.പിയുമായി അടുപ്പിച്ച് നിര്‍ത്തുന്നതിനും നേതൃത്വം വഹിച്ചവരാണ് വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും.
മൈക്രോഫിനാന്‍സ് തട്ടിപ്പുകേസില്‍ വെള്ളാപ്പള്ളി നടേശനെതിരെയുള്ള അന്വേഷണം നിലച്ച മട്ടിലിരിക്കുമ്പോഴാണ് ഇപ്പോള്‍ തുഷാര്‍ വെള്ളാപ്പള്ളിക്കുവേണ്ടിയുള്ള മുഖ്യന്റെ ഇടപെടല്‍.
എന്‍.ഡിഎയുടെ പ്രധാന ഘടകകക്ഷിയായ ബിഡിജെഎസിന്റെ സംസ്ഥാന പ്രസിഡന്റാണ് തുഷാര്‍ വെള്ളാപ്പള്ളി. എന്നിട്ടും തുഷാറിനെ പിന്തുണച്ച് ഒരു ബിജെപി നേതാവ് പോലും രംഗത്ത് എത്തിയില്ല. ഈ ഘട്ടത്തിലാണ് മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് വേണ്ടി കേന്ദ്രസര്‍ക്കാരിനോട് ഔദ്യോഗികമായിത്തന്നെ സഹായം ആവശ്യപ്പെട്ടത്.