‘ഗവണ്‍മെന്‍റ് ചെലവില്‍ ഭക്ഷണം സ്വീകരിക്കുന്ന എത്ര ദൈവങ്ങളുണ്ട് ?’ ; ദേവസ്വം മന്ത്രി കെ.കെ ബാലകൃഷ്ണനോട് അന്ന് പിണറായി ചോദിച്ചു ; ചർച്ചയായി രേഖകള്‍

Jaihind Webdesk
Thursday, May 20, 2021

തിരുവനന്തപുരം : കെ.രാധാകൃഷ്ണന്‍ ദേവസ്വംവകുപ്പ് ഭരിക്കുന്ന ആദ്യ ദളിത് മന്ത്രിയെന്ന സിപിഎമ്മിന്റെ പ്രചാരണമായിരുന്നു കഴിഞ്ഞദിവസങ്ങളിലെ ചർച്ച.  സിപിഎമ്മിന്റേത് വ്യാജപ്രചാരണമാണെന്ന് തെളിയിച്ച് സമൂഹമാധ്യമങ്ങളിലടക്കം നിരവധിപേര്‍ രംഗത്തെത്തി. ദളിത് വിഭാഗത്തില്‍ നിന്നും 3 പേരെ ദേവസ്വം വകുപ്പ് മന്ത്രിമാരായി നിയമിച്ച് ചരിത്രം കുറിച്ചത് കോണ്‍ഗ്രസായിരുന്നുവെന്ന യാഥാര്‍ത്ഥ്യം മറച്ചുവെച്ചായിരുന്നു സിപിഎമ്മിന്റെ വ്യാജപ്രചാരണം.

1978ൽ കേരള നിയമസഭയിൽ ദേവസ്വം മന്ത്രി കെ.കെ ബാലകൃഷ്ണനോട് അന്ന് എംഎല്‍എയായിരുന്ന പിണറായി വിജയന്‍  ഉന്നയിച്ച ചോദ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ‘ഗവണ്‍മെന്റ് ചെലവില്‍ ആളുകളെ നിശ്ചയിച്ച് ഭക്ഷണം കൊടുക്കുന്ന , ഭക്ഷണം സ്വീകരിക്കുന്ന എത്ര ദൈവങ്ങളുണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ ?’ എന്നായിരുന്നു ചോദ്യം. ചോദ്യത്തിന് ‘ഇല്ല’ എന്നായിരുന്നു ബാലകൃഷ്ണന്‍റെ മറുപടി. കെ. കെ ബാലകൃഷ്ണന്‍ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തിരുന്നുവെന്ന് സഭാ രേഖകള്‍ തന്നെ വ്യക്തമാക്കുമ്പോഴാണ് അസത്യപ്രചാരണവുമായി സിപിഎം മുന്നോട്ടുപോകുന്നത്.

കെ.രാധാകൃഷ്ണനെ ദേവസ്വംമന്ത്രിയായി പ്രഖ്യാപിച്ചതിനുപിന്നാലെയാണ് സിപിഎം സൈബറിടങ്ങളില്‍ വ്യാജപ്രചാരണം നിറഞ്ഞത്. പിന്നാലെ  കെ.കെ ബാലകൃഷ്ണന്റെ വിക്കീപീഡിയ പേജും  സൈബര്‍ സഖാക്കള്‍ തിരുത്തി. ദേവസ്വം മന്ത്രിയായിരുന്നു എന്ന് വ്യക്തമാക്കുന്ന ഭാഗമാണ് നിമിഷാ പ്രസാദ് എന്നും അസീദ് കരീം എന്നും പേരുള്ള രണ്ടു വിക്കിപ്പീഡിയ അക്കൗണ്ടുകളിലൂടെ എഡിറ്റ് ചെയ്ത് മാറ്റിയത്.

സിപിഎം നടപടിയെ വിമർശിച്ച് ബാലകൃഷ്ണന്‍റെ മകനും കെപിസിസി സെക്രട്ടറിയുമായ കെ ബി ശശികുമാറും രംഗത്തെത്തി. ആവര്‍ത്തിച്ച് കള്ളം പറഞ്ഞത് സത്യമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഗീബല്‍സിയന്‍ തന്ത്രമാണ് സിപിഎം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

1977 മാര്‍ച്ച് 25 ന് അധികാരത്തില്‍ വന്ന കെ കരുണാകരന്‍ മന്ത്രിസഭയിലും ഒരുമാസത്തിനു ശേഷം അധികാരത്തില്‍ വന്ന എ കെ ആന്റണി മന്ത്രി സഭയിലും ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തിരുന്നത് ചേലക്കര എംഎല്‍എ ആയിരുന്ന തന്‍റെ പിതാവായിരുന്നുവെന്നും ആ വിവരങ്ങള്‍ വിക്കിപീഡിയയില്‍ നിന്നും ഒഴിവാക്കിയെന്നും കെ ബി ശശികുമാര്‍ ചൂണ്ടിക്കാണിച്ചു.