പിണറായി സർക്കാർ ആചാരങ്ങളെ വെല്ലുവിളിക്കുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

ശബരിമല അയോധ്യയാക്കാനാണ് സംസ്ഥാന സർക്കാരിന്‍റെ ശ്രമമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ആചാരങ്ങളെ വെല്ലുവിളിക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. ബ്രൂവറി വിഷയത്തിൽ മുഖ്യമന്ത്രി കണ്ണുരുട്ടിയപ്പോൾ എക്‌സൈസ് മന്ത്രി പേടിച്ച് ഉത്തരവിൽ ഒപ്പിട്ടതാണ് അഴിമതിക്കിടയാക്കിയതെന്നും, കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണിതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

ശബരിമല വിഷയത്തിൽ സ്ഥാപിത താൽപ്പര്യക്കാരാണ് ഉത്തരവിനെ ന്യായീകരിച്ച് രംഗത്തുവന്നിരിക്കുന്നത്. സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ റിവ്യു ഹർജിനൽകാൻ തയ്യാറാകണമെന്നും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. എല്ലാ മതവിശ്വാസങ്ങളേയും ബഹുമാനിക്കുന്ന പാരമ്പര്യമുള്ള കോൺഗ്രസിന് ശബരിമല വിഷയത്തിലും ആ സമീപനമാണുള്ളത്. എന്നാൽ കോടതി ഉത്തരവിനെതുടർന്ന് ധൃതിപിടിച്ച് കാര്യങ്ങൾ ചെയ്യുന്ന സംസ്ഥാന സർക്കാർ ശബരിമലയെ അയോധ്യയാക്കാനാണ് ശ്രമിക്കുന്നത്. അതിൽ നിന്നും പിൻവാങ്ങണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.

ബ്രൂവറി വിഷയത്തിൽ പ്രതിപക്ഷനേതാവിന്‍റെ 10 ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി പറയാൻ പോലും വകുപ്പ് മന്ത്രിക്ക് സാധിച്ചില്ല. ഇടപാട് സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം വേണം. മുഖ്യമന്ത്രി കണ്ണുരുട്ടിയപ്പോൾ മന്ത്രി ഉത്തരവിൽ ഒപ്പിടുകയായിരുന്നുവെന്നും കെപിസിസി പ്രസിഡന്‍റ് കുറ്റപ്പെടുത്തി.

രാജ്യംകണ്ട ഏറ്റവും വലിയ അഴിമതിയായ റാഫേൽ ഇടപാടിൽ ജോയിന്‍റ് പാർലമെന്‍റ് കമ്മിറ്റി അന്വേഷണം വേണം, വിഷയത്തിൽ കേരളത്തിലും കോൺഗ്രസ് പ്രക്ഷോഭം നടത്തുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. 11-ആം തീയതി മുതൽ എല്ലാ ജില്ലാ കോൺഗ്രസ് കമ്മിറ്റികളിലും സന്ദർശനം നടത്തി ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കൊപ്പം, ബൂത്ത്തലം മുതൽ കമ്മിറ്റി രൂപീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമിടുമെന്നും കെപിസിസി പ്രസിഡന്റ് പ്രസ്‌ക്ലബിന്‍റെ മുഖാമുഖത്തിൽ പറഞ്ഞു.

mullappally ramachandran
Comments (0)
Add Comment