തിരുവനന്തപുരം : സി.പി.എം നേതൃത്വവുമായി ബന്ധമുണ്ടെന്ന ആരോപണം നേരിടുന്ന ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് സംസ്ഥാന സര്‍ക്കാര്‍ ഖജനാവ് തന്ന മൊത്തത്തില്‍ തീറെഴുതി കൊടുത്തിരിക്കുകയാണെന്ന ആരോപണങ്ങള്‍ ശക്തമാകുമ്പോള്‍ ഊരാളുങ്കല്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് സഭയിലും കൃത്യമായ ഉത്തരം നല്‍കാതെ സര്‍ക്കാര്‍. പതിനാലാം കേരള നിയമസഭയുടെ പതിനെട്ടാമത് സമ്മേളനത്തില്‍ മുന്‍മന്ത്രി അബ്ദുറബ്ബിന്‍റെ ചോദ്യങ്ങള്‍ക്ക് വിവരം ശേഖരിച്ചുവരുന്നു എന്ന മറുപടിയാണ് ലഭിച്ചത്.
കോഴിക്കോട് ആസ്ഥാനമായി പ്രവൃത്തിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ വഴിവിട്ട സഹായങ്ങള്‍ ചെയ്യുന്നു എന്ന ആരോപണം നേരത്തെ തന്നെ ശക്തമാണ്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിക്ക് ഏതെങ്കിലും സര്‍ക്കാര്‍ സ്ഥലമോ സ്ഥാപനങ്ങളോ സേവനങ്ങളോ ഏല്‍പിച്ചത് സംബന്ധിച്ച് വിശദാംശം തേടിയാണ് പി.കെ അബ്ദുറബ്ബ് ചോദ്യം ഉന്നയിച്ചത്. ഊരാളുങ്കലിന് സേവനങ്ങള്‍ ഏല്‍പിച്ചത് സംബന്ധിച്ച ഉത്തരവുകള്‍ ഉണ്ടെങ്കില്‍ അത് നല്‍കണമെന്നും ഇനി ഏതെങ്കിലും സേവനങ്ങള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അതിന്‍റെ വിശദാംശങ്ങളും നല്‍കണമെന്നാണ് ചോദിച്ചിരിക്കുന്നത്. എന്നാല്‍ വിവരങ്ങള്‍ ശേഖരിച്ചു വരുന്നു എന്ന മറുപടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിന് നല്‍കിയത്.
മുതിര്‍ന്ന സി.പി.എം നേതാക്കള്‍ക്കും അവരുടെ അടുത്ത ബന്ധുക്കള്‍ക്കും നിയന്ത്രണമുള്ള കമ്പനിയാണ് ഊരാളുങ്കല്‍ എന്നാണ് ആരോപണം. രണ്ട് പ്രളയത്തിന് ശേഷം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പോലും പണമില്ലാതിരുന്നപ്പോഴും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്ന് ആവര്‍ത്തിക്കുമ്പോഴും സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെയും നിയമസഭയുടെയും പല ഭാഗങ്ങളും അനാവശ്യമായി നവീകരിക്കാന്‍ കോടികളുടെ കരാറാണ് ഊരാളുങ്കലിന് വഴിവിട്ട് നല്‍കിയത്. ലോക കേരള സഭയുടെ നടത്തിപ്പും നിയമസഭയിലെ ശങ്കരന്‍ തമ്പി ഹാള്‍ നവീകരണവും നിയമസഭ ഡിജിറ്റലൈസ് ചെയ്യാനുളള പദ്ധതിയുമൊക്കെ വിവാദത്തിലാകുന്നതും ഈ പശ്ചാത്തലത്തിലാണ്.
ഏറ്റവും ഒടുവില്‍ പാസ്‌പോര്‍ട്ട് പരിശോധനയ്ക്കും മറ്റുമായി പുതിയ സോഫ്റ്റ് വെയര്‍ ഉണ്ടാക്കാന്‍ പോലീസിന്‍റെ കൈവശമുളള 75 ലക്ഷം കേസുകളുടെ ഡാറ്റാബേസ് ഊരാളുങ്കലിന് കൈമാറാന്‍ തീരുമാനിച്ചത് വിവാദമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പിന്മാറാന്‍ നിര്‍ബന്ധിതമായിരുന്നു. ടെണ്ടറില്ലാതെ ഊരാളുങ്കലിന് പദ്ധതികള്‍ നല്‍കിയതിനെ സി.എ.ജിയും വിമര്‍ശനം ഉന്നയിച്ചിരുന്നു. അതേസമയം പുറത്തുവന്ന കണക്കിനേക്കാള്‍ നിരവധി ഇരട്ടിയുടെ കരാര്‍ ജോലികള്‍ ഊരാളുങ്കല്‍ ഏറ്റെടുത്തിട്ടുണ്ട്. അടിയന്തരസാഹചര്യം, വിദഗ്ധജോലിയുടെ ആവശ്യകത എന്നിവയാണ് ടെണ്ടര്‍ വിളിക്കാത്തതിന് സര്‍ക്കാരിന്‍റെ വിശദീകരണം. എന്നാല്‍ അടിയന്തരസാഹചര്യമില്ലാത്ത നിരവധി ജോലികളും ടെണ്ടറില്ലാതെ ഊരാളുങ്കലിന് ലഭിച്ചിട്ടുണ്ടെന്ന് കണക്കുകളില്‍ വ്യക്തം. പല വകുപ്പ് മേധാവികളും സൊസൈറ്റിക്ക് നല്‍കുന്ന വഴിവിട്ട സഹായങ്ങള്‍ക്ക് കൂട്ടു നില്‍ക്കാത്തതിന് അപ്രധാന വകുപ്പുകളിലേക്ക് തള്ളപ്പെടുകയും ചെയ്തിട്ടുണ്ട്. ചോദ്യങ്ങള്‍ ഉയരുമ്പോള്‍ ഉത്തരം നല്‍കാതെ ഉരുണ്ട് കളിക്കുകയാണ് സർക്കാര്‍.