പിലാത്തറയില്‍ സിപിഎം അക്രമം; വീടുകള്‍ക്ക് നേരെ ബോംബേറ്

റീപോളിങ്ങ് നടന്ന കാസർകോട് പാർലമെന്‍റ് മണ്ഡലത്തിലെ പിലാത്തറയിലെ ബൂത്ത് ഏജന്‍റ് വിടിവി പത്മനാഭന്‍റെ വീടിന് നേരെ ബോംബേറ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സാധിക്കാതിരുന്നതിനെ തുടർന്ന് പരസ്യമായി പ്രതികരിച്ച ഷാലറ്റിന്‍റെ വീടിന് നേരെയും ബോബേറ് നടന്നു. ഇന്നലെ രാത്രിയോടെയാണ് സംഭവം. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് ആരോപിച്ചു.

പൊതുതിരഞ്ഞെടുപ്പ് ദിവസം ബുത്തിലെത്തിയപ്പോൾ തന്‍റെ വോട്ട് മറ്റാരോ ചെയ്തതിനെ തുടർന്ന് പിലാത്തറ സ്വദേശിനി ഷാലറ്റ് ബൂത്തിലിരുന്ന് പ്രതിഷേധിച്ചിരുന്നു. കള്ളവോട്ട് നടന്നതായി കണ്ടെത്തിയ കാസർകോട് മണ്ഡലത്തിലെ 19 ആം നമ്പർ ബൂത്തിലായിരുന്നു സംഭവം. എൽഡിഎഫിന്‍റെ പഞ്ചായത്ത് മെമ്പറടക്കം കള്ളവോട്ട് ചെയ്തതിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. എന്നാൽ വോട്ട് ചെയ്യാൻ സാധിക്കാതിരുന്നതിനെതിരെ പരസ്യമായി രംഗത്ത് വന്നതോടെയാണ് ഷാലറ്റ് വാർത്തകളിൽ നിറഞ്ഞ് നിന്നത്. കഴിഞ്ഞ ദിവസം നടന്ന റീപ്പോളിങ്ങിൽ ഷാലറ്റിന് വോട്ട് ചെയ്യാൻ അവസരം ലഭിച്ചിരുന്നു. എന്നാൽ വോട്ട് ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ സിപിഎം പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിൽ പ്രവർത്തകര്‍ എത്തി ഷാലറ്റിന് നേരെ ആക്രോശിച്ചിരുന്നു. തുടർന്ന് പോലീസ് വാഹനത്തിലാണ് ഷാലറ്റ് വീട്ടിലേക്ക് മടങ്ങിയത്.

ഇന്നലെ രാത്രിയോടെ ഷാലറ്റിന്റെ വീടിന് നേരെയും റീപോളിങ്ങ് നടന്ന 19 ആം ബൂത്തിലെ ബുത്ത് ഏജന്‍റായിരുന്ന വിടിവി പത്മനാഭന്‍റെ വീടിന് നേരെയും ഇന്നലെ രാത്രി 12 മണിയോട് കൂടി ബോംബേറ് നടന്നു. ചെറുതാഴം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്‍റു കൂടിയാണ് പത്മനാഭൻ. സിപിഎം പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു.

repollingPilathara
Comments (0)
Add Comment